തൃശൂര്‍: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിയെ കൊണ്ടുവന്ന ജീപ്പ് ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധിച്ചു. പ്രതിയെ മർദിച്ചത് ജീപ്പിലാകാമെന്ന നിഗമനത്തിലാണ് പാവറട്ടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ജീപ്പ് പരിശോധിച്ചത്. അതേസമയം കൊലപാതക കുറ്റം ചുമത്തപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥർ ഒളിവിലാണ്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു ഗുരുവായൂരിൽ നിന്നും രഞ്ജിത്തിനെ രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇവിടെ നിന്നും തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ വാഹനത്തിൽ അപസ്‌മാരത്തെ തുടർന്ന് കുഴഞ്ഞു വീണെന്നായിരുന്നു എക്സൈസിന്‍റെ വിശദീകരണം. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചിട്ടുണ്ടെന്നും രഞ്ജിത്തിനെ ആദ്യം പരിശോധിച്ച ഡോക്‌ടറും വ്യക്തമാക്കിയിരുന്നു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രതിക്ക് അഞ്ച് ഇടങ്ങളിലായി മർദനമേറ്റതായി കണ്ടെത്തി. രഞ്ജിത്തിന്‍റെ കണ്ണിലും തലക്ക് പിന്നിലുമുള്ള ക്ഷതങ്ങൾ മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.