തൃശൂര്‍: ജില്ലയിൽ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. പത്ത് സ്ഥാപനങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് സാമഗ്രികൾ വിതരണം ചെയ്‌തത്. ജില്ലയിലെ പ്രധാന കേന്ദ്രമായ ഗവ. എൻജിനീയറിങ് കോളജിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഒമ്പത് മണ്ഡലങ്ങളിലേക്കുള്ള പോളിങ് സാമഗ്രികളാണ് ഇവിടെ നിന്നും വിതരണം ചെയ്‌തത്. 3,858 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 2,298 എണ്ണം പ്രധാന പോളിങ് സ്റ്റേഷനുകളും 1560 എണ്ണം അനുബന്ധ പോളിങ് സ്റ്റേഷനുകളുമാണ്. പ്രധാന പോളിങ് സ്റ്റേഷനുകളിൽ 543 എണ്ണം നഗര പ്രദേശത്തും, 1,755 എണ്ണം ഗ്രാമ പ്രദേശത്തുമാണ്. 2016ലെ തെരഞ്ഞെടുപ്പിൽ 2,027 പോളിങ് സ്റ്റേഷനുകളാണ് ആകെ ഉണ്ടായിരുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ ബൂത്തുകളും സ്റ്റേഷനുകളും ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി ആകെ 26,12032 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13,60101 പേര്‍ സ്‌ത്രീകളും 12,51885 പേര്‍ പുരുഷന്മാരുമാണ്. ട്രാന്‍സ്‌ജെൻഡർ വിഭാഗത്തില്‍പ്പെട്ട 46 വോട്ടര്‍മാരുണ്ട്. 4,176 പ്രവാസി വോട്ടർമാരും 1,746 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലയിൽ 253 പ്രശ്‌ന ബാധിത ബൂത്തുകളും, 28 അതിസുരക്ഷാ ബൂത്തുകളും, 29 സംഘർഷ സാധ്യത ബൂത്തുകളുമാണുള്ളത്. ഇവിടെ അധിക സുരക്ഷ ഒരുക്കും. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന്‍റെ പരിധിയിൽ 138 പ്രശ്‌ന ബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും ഉണ്ട്. തൃശൂർ റൂറൽ പൊലീസ് പരിധിയിൽ 115 പ്രശ്‌ന ബാധിത ബൂത്തുകളും, 17 അതിസുരക്ഷാ ബൂത്തുകളു०, 29 സംഘർഷസാധ്യത ബൂത്തുകളുമാണുള്ളത്.
കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും അഞ്ച് എണ്ണം വീതം 65 മാതൃകാ പോളിങ് സ്റ്റേഷനുകളും സജ്ജമാണ്. വരി നിൽക്കേണ്ടി വന്നാൽ ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കൺ സംവിധാനം, മുലയൂട്ടൽ മുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃക സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. കയ്‌പമംഗലം മണ്ഡലത്തിൽ 5 എണ്ണവും മറ്റ് 12 മണ്ഡലങ്ങളിൽ ഓരോന്ന് വീതവും 17 വനിത സൗഹൃദ ബൂത്തുകളും സജ്ജമാണ്. പോളിങ് ബൂത്തുകളിൽ സ്‌ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാർക്കും എൺപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക പരിഗണന നൽകും. ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നിൽക്കേണ്ട സ്ഥലം മുൻകൂട്ടി മാർക്ക് ചെയ്യും.
വോട്ടർമാർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വോളന്‍റിയർമാരെയും നിയോഗിക്കും. എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4,562 ബാലറ്റ് യൂണിറ്റ്, 4,562 കണ്‍ട്രോള്‍ യൂണിറ്റ്, 5,212 വിവി പാറ്റ് എന്നിങ്ങനെ 14,336 എണ്ണമാണ് ഉപയോഗിക്കുന്നത്. ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 26,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് സെക്‌ടർ തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് സെക്‌ടർ ഓഫീസര്‍മാരെയും അസിസ്റ്റന്‍റ് സെക്‌ടർ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും 1,000 വോട്ടര്‍മാരില്‍ കൂടാതെയുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.