തൃശൂർ: ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ച ഇടിവി ഭാരത് കണ്ടന്‍റ് എഡിറ്റർ നിവേദിത സൂരജിന്‍റെ (26) സംസ്‌കാര ചടങ്ങുകൾ നടന്നു. ഇന്ന് (20.11.22) രാവിലെ പത്തരയോടെ ഇരിങ്ങാലക്കുട പടിയൂരിലെ വിരുത്തിപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. സഹോദരൻ ശിവപ്രസാദ് ചിതയ്ക്ക് തീ കൊളുത്തി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. ഇടിവി ഭാരതിന് വേണ്ടി കേരള സ്റ്റേറ്റ് ഹെഡ് കെ പ്രവീൺ കുമാർ കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി സംസ്ഥാന പ്രസിഡന്‍റ് എംവി വിനീത എന്നിവർ അന്തിമോപചാരമർപ്പിച്ചു.
വാഹനാപകടത്തില്‍ മരണം: ഇന്നലെ (19.11.22) രാവിലെ ഹൈദരാബാദിന് സമീപം ഹയാത് നഗർ ഭാഗ്യലതയില്‍ നടന്ന കാറപകടത്തിലാണ് നിവേദിത സൂരജിന്‍റെ മരണം. രാവിലെ അഞ്ച് മണിയോടെ ഓഫിസിലേക്ക് പോകാനായി താമസ സ്ഥലത്ത് നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ എല്‍ബി നഗർ ഭാഗത്ത് നിന്ന് വന്ന കാർ നിവേദിതയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശിനിയും ഇടിവി ഭാരത് ഉത്തർപ്രദേശ് ഡെസ്‌ക്കിലെ കണ്ടന്‍റ് എഡിറ്ററുമായ സോനാലി ചാവേരി ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടം നടന്നയുടൻ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാർ പൊലീസ് കസ്റ്റഡിയിലാണ്. ഹയാത് നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട പടിയൂർ വിരുത്തിപ്പറമ്പില്‍ വീട്ടില്‍ സൂരജിന്‍റെയും ബിന്ദുവിന്‍റെയും മകളാണ് നിവേദിത. അനുജൻ ശിവപ്രസാദ് ബിരുദ വിദ്യാർഥിയാണ്. 2021 മേയിലാണ് നിവേദിത ഇടിവി ഭാരത് കേരള ഡെസ്‌ക്കില്‍ കണ്ടന്‍റ് എഡിറ്ററായി ചേരുന്നത്. അതിനു മുൻപ് റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോയിലും ജോലി ചെയ്‌തിരുന്നു.