തൃശൂർ: ഇരിങ്ങാലക്കുട കിഴുത്താണി ശ്രീ കുഞ്ഞിലിക്കാട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ പാലക്കാട് സ്വദേശി നന്ദന്‍ (41) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 21 വയസ്സുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് എഴുന്നള്ളിപ്പിനായി ആനകളെ ഒരുക്കുന്നതിനിടയില്‍ ഒന്നാം പാപ്പാനായ നന്ദനെ കുത്തിപരിക്കേല്‍പ്പിച്ച് ഓടിയത്. തുടയിലും നെഞ്ചിലും കുത്തേറ്റ പാപ്പാനെ സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. ക്ഷേത്രപറമ്പില്‍ നിന്നും കാട്ടൂര്‍ മെയിന്‍ റോഡിലേക്ക് ഓടിയ ആന പടിഞ്ഞാറുവശത്തുള്ള പട്ടാട്ട് ദേവസ്ഥാനം ശ്രീമുത്തപ്പന്‍ വിഷ്ണുമായ ഭഗവതി ക്ഷേത്രത്തിന്റെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഓടിക്കയറുകയായിരുന്നു.
ഉത്സവത്തോടനുബന്ധിച്ച് സ്ഥലത്തുണ്ടായിരുന്ന തൃശൂര്‍ എലഫന്‍റ് സ്‌ക്വാഡിലെ അംഗങ്ങളായ സ്‌നേഹേഷ്, സനു, ഷിബി, മോഹന്‍ദാസ്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ 20 മിനിറ്റിനുള്ളില്‍ കാപ്ച്ചര്‍ ബെല്‍റ്റിട്ട് ആനയെ തളയ്ക്കുകയായിരുന്നു. കാട്ടൂര്‍ എസ്.ഐ. വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയും ഉത്സവപറമ്പില്‍ നിന്നും ഓടി രണ്ടുമണിക്കൂറോളം നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.