തൃശൂര്‍: ഗുരുവായൂര്‍ ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്‍റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. സ്വഭാവ ദൂഷ്യത്തിന്‍റെ പേരിൽ 28 വര്‍ഷമായി ഗുരുവായൂരിലെ ആനക്കോട്ടയിലെ ചങ്ങലക്കുരുക്കില്‍ തളച്ചിട്ടിരിക്കുകയായിരുന്ന ചന്ദ്രശേഖരനെ കഴിഞ്ഞ ദിവസമാണ് അഴിച്ച് ക്ഷേത്രത്തിൽ എത്തിച്ചത്.
ബുധനാഴ്‌ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കെട്ടു തറയിൽ തളച്ചിരുന്ന കൊമ്പൻ ചന്ദ്രശേഖരന്‍റെ പുറം വൃത്തിയാക്കുന്നതിനായി രതീഷ് പിന്നിലൂടെ ആനയുടെ പുറത്ത് കയറുമ്പോൾ തുമ്പികൈ കൊണ്ട് പാപ്പാനെ എടുത്ത് തറയിലിട്ട് കുത്തുകയായിരുന്നു. പിന്നീട് ചവിട്ടുകയും മസ്‌തകം കൊണ്ട് ഞെരിച്ച ശേഷം എടുത്ത് എറിയുകയായിരുന്നു. അക്രമത്തിൽ ഗുരുതര പരിക്കേറ്റ പാപ്പാനെ മറ്റു പാപ്പാന്മാർ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാലാണ് രതീഷ് ചുമതലയിലുണ്ടായിരുന്നത്.
കെഡി ലിസ്‌റ്റിലെ ചന്ദ്രശേഖരന്‍: വിരിഞ്ഞ മസ്‌തകവും ആകാരവും ഉയരവും ചന്ദ്രശേഖരന്‍റെ ആനച്ചന്തത്തിന്‍റെ അലങ്കാരമാണെങ്കിലും പാപ്പാന്‍മാരെ അനുസരിക്കാത്ത പ്രകൃതമായിരുന്നു ചന്ദ്രശേഖരന്‍റേത്. ഈ അക്രമസ്വഭാവം കാരണം 28 വർഷമായി പുറത്തിറക്കാതിരുന്ന ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്. അതുവരെ ചന്ദ്രശേഖരനെ കാലങ്ങളായി കെഡി ലിസ്‌റ്റിൽ ഉള്‍പ്പെട്ട് കെട്ടുതറയിൽ തളച്ചിരിക്കുകയായിരുന്നു.
അതേസമയം ആനയെ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ദേവസ്വം. മുൻപ് നീരില്‍ തളച്ച സമയത്ത് ഇടഞ്ഞ് ചങ്ങല പൊട്ടിച്ചതിനെ തുടര്‍ന്ന് ചന്ദ്രശേഖരന് മൂന്നുതവണ മയക്കുവെടി ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.
Also Read: തൃശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു