തൃശ്ശൂര്‍: വധശ്രമ കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശ്ശൂര്‍ മതിലകം പൊലീസ് സ്റ്റേഷനിലെ സി.ഐയും എസ്.ഐയും അടക്കമുള്ള 14 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം. മതിലകം കിടുങ്ങിൽ യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളിലൊരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ മതിലകം സ്വദേശിയായ 23 വയസുള്ള യുവാവിനാണ് രോഗം കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ടെസ്റ്റിന് വിധേയമാക്കിയാപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സി.ഐ ഉൾപ്പെടെയുള്ള 14 പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കുകയായിരുന്നു.
പ്രതിയെ പ്രവേശിപ്പിച്ച കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെ 10 ആരോഗ്യ പ്രവർത്തകരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ 31നാണ് മതിലകത്ത് യുവാക്കൾക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണമുണ്ടായത്. ഓഗസ്റ്റ് 2ന് മൂന്നു പ്രതികളെയും നാലിന് രണ്ട് പ്രതികളെയും അടക്കം അഞ്ചു പേരെയാണ് പൊലീസ് പിടികൂടിയത്. ഇതിൽ രണ്ടിന് അറസ്റ്റ് ചെയ്ത യുവാക്കളിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.