തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്‌ട് -എഫ്‌സിആര്‍എ) ലംഘിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര. ഇക്കാര്യം വ്യക്തമാക്കുന്ന ലൈഫ് മിഷൻ സിഇഒ യു.വി ജോസ് തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത് വിട്ടാണ് അനില്‍ അക്കരയുടെ ആരോപണം. ലൈഫ് മിഷനില്‍ കോഴയായി ലഭിച്ച നാലര കോടി രൂപ മുഖ്യമന്ത്രിക്ക് വേണ്ടി ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നും അനില്‍ അക്കര ആരോപിച്ചു.
2020 ഓഗസ്റ്റ് 18ന് ലൈഫ് മിഷൻ സി.ഇ.ഒ തയ്യാറാക്കിയ റിപ്പോർട്ടാണ് അനില്‍ അക്കര വാര്‍ത്ത സമ്മേളനത്തില്‍ പുറത്ത് വിട്ടത്. തനിക്ക് ലഭിച്ച ഈ രേഖകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നും കേസിലെ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും വെളിച്ചത്ത് കൊണ്ട് വരുമെന്നും അനില്‍ അക്കര പറഞ്ഞു. 2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് യു.എ.ഇയിലെ റെഡ് ക്രസന്‍റ് സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌തത്. പ്രളയ പുനരുദ്ധാരണത്തിന് 20 കോടി രൂപയുടെ സഹായം നൽകാമെന്നാണ് റെഡ് ക്രസന്‍റ് അറിയിച്ചത്.
ഭവന സമുച്ചയത്തിന് 15 കോടി, ഹെൽത്ത് സെന്‍ററിന് അഞ്ച് കോടി എന്നിങ്ങനെയായിരുന്നു വാഗ്‌ദാനം. വടക്കാഞ്ചേരി നഗരസഭയുടെ 2.18 ഏക്കർ സ്ഥലത്ത് നിർമാണം നടത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തു. ഭവന സമുച്ചയം റെഡ് ക്രസന്‍റ് നേരിട്ട് നിർമിച്ച് നൽകുമെന്ന് ജനറൽ സെക്രട്ടറി യോഗത്തിൽ സ്ഥിരീകരിച്ചു.
2019 ഓഗസ്റ്റ് 26ന് ലൈഫ് മിഷൻ ഈ തീരുമാനത്തിന് അംഗീകാരം നൽകി. ലൈഫ് മിഷന്‍റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമാണ് അതിനാല്‍ ലൈഫ് മിഷന് അംഗീകാരം നല്‍കിയെന്ന് പറഞ്ഞാല്‍ അതിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചുവെന്നാണ് അര്‍ഥം.
യൂണിടാക്കിനെ കരാർ ഏൽപ്പിച്ചതും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇതോടെ മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയായിരുന്ന എ.സി. മൊയ്‌തീനും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് വ്യക്തമായെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ ഫ്ലാറ്റുമായി ബന്ധപ്പെട്ട തട്ടിപ്പിന്‍റെ ഗൂഡാലോചനകൾ മുഴുവൻ നടന്നിട്ടുള്ളത് ഈ യോഗം നടന്ന ക്ലിഫ് ഹൗസിലാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും അനിൽ അക്കര പറഞ്ഞു.
ലൈഫ് മിഷനില്‍ കോഴയായി കൈ പറ്റിയ പണത്തിന്‍റെ ഒരു ഭാഗമാണ് ലോക്കറിൽ കണ്ടത്. ബാക്കി നാലര കോടി രൂപ മുഖ്യമന്ത്രിക്ക് വേണ്ടി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് കടത്തി കൊണ്ടു പോയെന്നും അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷന്‍ ഫ്ലാറ്റ് അഴിമതി കേസിലെ ഒന്നാം പ്രതിയാണെന്നും അഴിമതിയുടെ ഉറവിടം ക്ലിഫ് ഹൗസില്‍ നിന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അനില്‍ അക്കര പറഞ്ഞു.