തൃശൂർ : തൃശൂർ നഗരത്തിൽ പട്ടാപ്പകല്‍ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ഇന്ന് രാവിലെ 11.30ഓടെയാണ് ആക്രമണമുണ്ടായത്. വെട്ടിയതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കോർപ്പറേഷൻ ഓഫിസ് പരിസരത്ത് നിന്ന് പിടികൂടി.
തമിഴ്‌നാട് സ്വദേശിയായ കാളിമുത്തുവിനാണ് (60) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോലാര്‍ സ്വദേശി ഖാസിം ബെയ്‌ഗനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ് ഓഫീസ് റോഡിനടുത്തുള്ള 'വോൾഗാ' ബാറിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെ കാളിമുത്തുവിനെ ഖാസിം ബെയ്‌ഗ് വെട്ടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ബാറിന് മുന്നിലെ കടയിലെ കരിക്ക് വെട്ടുന്ന കത്തിയെടുത്താണ് ഇയാൾ കാളിമുത്തുവിനെ വെട്ടിയത്. കഴുത്തിലും തലയ്ക്ക് പുറകിലും വെട്ടേറ്റ കാളിമുത്തുവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാളിമുത്തുവിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കാളിമുത്തുവിന് പഴയ പേപ്പര്‍ പെറുക്കി വില്‍ക്കുന്ന ജോലിയാണ്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോർപറേഷൻ പരിസരത്ത് വച്ച് കാളിമുത്തുവിന്‍റെ മകനും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ചേർന്നാണ് പിടികൂടിയത്.
ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു : കാസർകോട് മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മഞ്ചേശ്വരം കളായിയിലെ പ്രഭാകര നൊണ്ട (40) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജയറാം നൊണ്ടയാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലക്കേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച പ്രഭാകര നൊണ്ട. കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും ഇവരുടെ അമ്മയും മാത്രമാണ് വീട്ടിൽ താമസം.
പുലർച്ചെ നടന്ന കൊലപാതകം രാവിലെയാണ് പുറം ലോകമറിഞ്ഞത്. കാസർകോട് ഡിവൈഎസ്‌പി പി കെ സുധാകരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി വി വി മനോജ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷം തുടരുകയാണ്.
മകനെ കൊലപ്പെടുത്തി പിതാവ് : അടുത്തിടെ ജാർഖണ്ഡിലെ ഗിരിദിഹിലെ ബിർനിയിൽ പിതാവ് എട്ട് വയസുകാരനായ മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയിരുന്നു. ബരാദിഹ് സ്വദേശിയായ ദുലാർ യാദവാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കുന്നതിനായി മകനെ കൊലപ്പെടുത്തിയത്.
ജോലി കഴിഞ്ഞെത്തിയ പ്രതി ദുലാർ യാദവ് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭക്ഷണം വിളമ്പാൻ ഭാര്യ അൽപനേരം വൈകിയതിൽ പ്രകോപിതനായ പ്രതി ഇവരുമായി വഴക്കിടുകയും ഭാര്യയെ മർദിക്കുകയും ചെയ്‌തിരുന്നു. ഇതുകൊണ്ടൊന്നും ദേഷ്യം അവസാനിക്കാത്തതിനാൽ മകനെ കോടാലികൊണ്ട് വെട്ടുകയായിരുന്നു.
ഇയാളുടെ വെട്ടേറ്റ് കുട്ടി സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതി ദുലാർ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ALSO READ: ഭാര്യ ഭക്ഷണം വിളമ്പാൻ വൈകി: പ്രകോപിതനായ യുവാവ് 8 വയസുള്ള മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി