തൃശൂർ: തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ കൊവിഡ് പ്രതിരോധ പ്രചാരണ പരിപാടികൾ ജനപ്രിയമാക്കാൻ കൊച്ചിൻ കലാഭവനിലെ കലാകാരന്മാരും. മമ്മൂട്ടി, മോഹൻലാല്‍, തിലകൻ അടക്കമുള്ളവരുടെ വിവിധ സിനിമ രംഗങ്ങൾ ഉപയോഗിച്ചാണ് കലാഭവന്‍റെ കൊവിഡ് ബോധവത്കരണം. സുരേഷ് ഗോപിയും സലിം കുമാറും സുകുമാരനുമെല്ലാം മഹാമാരിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കലാഭവനുമായി ചേർന്ന് ആരോഗ്യ വകുപ്പാണ് ബോധവത്കരണ പദ്ധതി ആരംഭിച്ചത്.
Also Read:കൊവിഡ് കൊള്ളയ്ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി
കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ ജനപ്രിയ സിനിമാ രംഗങ്ങൾ ഉപയോഗിച്ച് ട്രോളുകളായും പാട്ടുകളായും ഹ്രസ്വചിത്രങ്ങളായും പരമാവധി പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചിൻ കലാഭവനിൽ നിന്നും രഞ്ജിവ് കലാഭവൻ, രാജേഷ് കലാഭവൻ, ബിജു കലാഭവൻ, അജിത്ത് കോഴിക്കോട്, ടെക്നീഷ്യൻ ഷൈജു എന്നിവരാണ് കൊവിഡ് പ്രതിരോധ പദ്ധതിയിൽ ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നത്.
Also Read: സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 65 മരണം
പ്രതിഫലം ഈടാക്കാതെയാണ് ഈ കലാകാരന്മാർ പദ്ധതിയുടെ ഭാഗമായത്. സ്റ്റുഡിയോ വാടക മാത്രമാണ് ചെലവ്. കലാകാരന്മാർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാൻ ലഭിക്കുന്ന അവസരമായാണ് ഇത്തരം പ്രചാരണങ്ങളെ കാണുന്നതെന്ന് കലാഭവൻ താരങ്ങൾ പറഞ്ഞു. സാമൂഹിക അകലം, വ്യക്തി ശുചിത്വം, മാസ്‌ക് ധരിക്കൽ തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ ആഴത്തിൽ പതിയാൻ ഇത്തരം പ്രചാരണങ്ങൾ സഹായിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണം.