തൃശൂർ: പാവറട്ടിയിൽ മരണപ്പെട്ട യുവതിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ മക്കളെ ഭർതൃവീട്ടുകാർ വിട്ടുനൽകുന്നില്ലെന്ന പരാതിയിൽ നടപടി. മക്കൾക്ക് അമ്മയെ അവസാനമായി കാണാൻ അവസരം നൽകും. മൃതദേഹം കാണിച്ചശേഷം തിരികെ കൊണ്ടുപോകാൻ ധാരണയായി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഭർതൃവീട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
വ്യാഴാഴ്‌ച നാട്ടികയിലെ ഭർത്താവ് സന്തോഷിന്‍റെ വീട്ടിൽ വച്ച് കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശ ഇന്ന് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് പാവറട്ടിയിലെ ആശയുടെ വീട്ടിലാണ് സംസ്‌കാരം നിശ്ചയിച്ചത്. ആശയും സന്തോഷും വിവാഹിതരായിട്ട് 12 വർഷം കഴിഞ്ഞു.
ഇവർക്ക് പത്തും നാലും വയസ് പ്രായമുള്ള രണ്ട് ആൺമക്കളാണ് ഉള്ളത്. ആശ വന്നുകയറിയ ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്‍റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. പ്രവാസിയായ സന്തോഷ് മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്.
ആശയെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ സന്തോഷ് സന്ദർശിച്ചിരുന്നു. പിന്നീട് ഇവിടെ നിന്ന് പോയ ഇയാൾ മൃതദേഹം കാണാനോ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സ്വീകരിക്കാനോ തയ്യാറായില്ല. നാട്ടികയിൽ മൃതദേഹം സംസ്‌കരിക്കണം എന്നായിരുന്നു ആശയുടെ കുടുംബത്തിന്‍റെ ആവശ്യം. ഇതിന് സന്തോഷിന്‍റെ കുടുംബം തയ്യാറായില്ല.
തുടർന്നാണ് പാവറട്ടിയിൽ സംസ്‌കരിക്കാൻ തീരുമാനിച്ചത്. എന്നാൽ കുട്ടികളെ വിട്ടുനൽകാൻ സന്തോഷും കുടുംബവും തയ്യാറായിരുന്നില്ല. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഭർതൃവീട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.