തൃശൂര്‍: അരിമ്പൂരിൽ കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ ഗോഡൗണിൽ നിന്ന് അമോണിയ അടക്കമുള്ള രാസവളങ്ങൾ ഒഴുകിയെത്തിയത് മൂലം ദുരിതത്തിലായി നിരവധി കുടുംബങ്ങൾ. കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ ഗോഡൗണിൽ സൂക്ഷിച്ച നാല്പത് ചാക്കോളം അമോണിയ, യൂറിയ, പൊട്ടാഷ് എന്നിവയാണ് വെള്ളം കയറിയപ്പോൾ സമീപത്തെ വീടുകളിലും, കിണറുകളിലും ഒഴുകിയെത്തിയത്. വെളുത്തൂർ വിളക്കുമാടം പ്രദേശത്തെ പാടശേഖരത്തിനോട് ചേർന്ന് കിടക്കുന്ന അഞ്ചോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. കിണറുകൾക്കു മീതെ ഒഴുകിയ വെള്ളവും സംഘത്തിന്റെ ഗോഡൗണിലെ രാസവളങ്ങളും ഒന്നാകുന്ന അവസ്ഥയിൽ ഇവ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ പരാതി ചെവികൊണ്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
അമോണിയയും, യൂറിയയും, പൊട്ടാഷും പ്രളയസമയത്ത് കിണറ്റിലും വീടിനകത്തും വന്നുനിറഞ്ഞിരുന്നു. പ്രളയാനന്തരം തിരിച്ചെത്തിയ കുടുംബങ്ങളിൽ പലർക്കും ഈ വെള്ളം ഉപയോഗിച്ചതോടെ ശരീരത്തിൽ പാടുകൾ ഉണ്ടായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ചില വീടുകളുടെ ഉൾഭാഗങ്ങൾ നിറം മാറി കറ പിടിച്ച നിലയിലാണ്. കിണറുകളില വെള്ളം മുഴുവൻ പമ്പ് ചെയ്ത് മാറ്റി ശുദ്ധീകരിച്ചാലേ ഇനി ജലം ഉപയോഗിക്കാനാകൂ. അതിനുള്ള സഹായങ്ങൾ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ട് കുടുംബങ്ങൾക്ക് ഇനിയും താമസം തുടങ്ങാനുള്ള സാഹചര്യമായിട്ടില്ല. കുട്ടികളും വൃദ്ധരുമടക്കം നിരവധി പേരാണ് ദുരിതത്തിലായത്. വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്‌ടര്‍ അടക്കമുള്ളവർക്ക് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഡോ. വിവൻസിയുടെ നേതൃത്വത്തിൽ ആവശ്യമായ നിർദേശങ്ങൾ പ്രദേശവാസികൾക്ക് നൽകിയതായും ആശങ്ക വേണ്ടെന്നും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് പറഞ്ഞു.