തൃശൂർ : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ (Chavakkad THQ Hospital) തലവേദനയ്ക്ക് കുത്തിവയ്‌പ്പെടുത്ത എഴുവയസുകാരന്‍റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്‌ടർക്കും നഴ്‌സിനുമെതിരെ കേസ് (Case Against Doctor and Nurse in Chavakkad THQ Hospital). ഡോക്‌ടറെ ഒന്നാം പ്രതിയും, പുരുഷ നഴ്‌സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. പാലയൂർ സ്വദേശി ഷാഫിലിന്‍റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് കുത്തിവയ്‌പ്പെടുത്തത് മൂലം തളർച്ച ബാധിച്ചത്. കുട്ടിയുടെ കാലിലെ ഒരു ഞരമ്പിന്‍റെ ശേഷി പൂർണമായി നഷ്‌ടപ്പെട്ടു.
ഡിസംബർ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം. പാലയൂർ സെന്‍റ് തോമസ് എൽപി സ്‌കൂളിലെ (Palayoor St thomas LP School) രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്നാണ് മാതാവുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്‌ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവയ്‌പ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവയ്‌പ്പ് നൽകി. കൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്‌സ് സിറിഞ്ച് താഴെവച്ച് അവിടെനിന്ന് പോയി. തുടർന്ന് മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് അയാള്‍ തിരികെ വന്നതെന്ന് പരാതിയിൽ പറയുന്നു.
പിന്നീട് അതേ പുരുഷ നഴ്‌സ് മുഹമ്മദ് ഗസാലിയുടെ അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവയ്പ്പ് നൽകി. ഇതോടെ കുട്ടിക്ക് ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ വീഴാൻ പോവുകയും, ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്‌തു. ഇതോടെ കുട്ടിയുടെ മാതാവ് ഡോക്‌ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. കൈയിൽ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്‍റ് നൽകിയ ഡോക്‌ടര്‍ കാലിലേത് മാറിക്കോളുമെന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
Also Read: ചായ നൽകാൻ വൈകി; രോഗികൾക്ക് അനസ്തേഷ്യ നൽകിയശേഷം ഡോക്‌ടർ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി
എന്നാൽ വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ മുഹമ്മദ് ഗസാലിയെ കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിന് തളർച്ചയുണ്ടായതെന്നാണ് അവിടെയുള്ള ഡോക്‌ടർ പറഞ്ഞത്. ഇതോടെ രക്ഷിതാക്കൾ ചാവക്കാട് പൊലീസിന് പുറമെ ആരോഗ്യ മന്ത്രി വീണ ജോർജ്, ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, സ്ഥലം എംഎൽഎ, ബാലാവകാശ കമ്മീഷന്‍ എന്നിവർക്ക് പരാതി നൽകി. ഇഞ്ചക്ഷൻ എടുത്ത നഴ്‌സിനും ഡോക്‌ടർക്കും എതിരെ കർശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.