തൃശൂര്‍ : കാഴ്ച പരിമിതിയുള്ളവർക്ക് ഇനി ധൈര്യമായി റോഡ് മുറിച്ച് കടക്കാം. കേൾവിക്കുറവും കാഴ്ച പരിമിതിയുമുള്ളവർക്ക് ട്രാഫിക് സിഗ്നലുകൾ തൊട്ട് മനസ്സിലാക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് തൃശൂരില്‍. 'ബഡ്ഡി സീബ്ര' എന്ന പേര് നൽകിയിട്ടുള്ള ഉപകരണം രാജ്യത്ത് ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.
കണ്ടുപിടുത്തത്തിന്‍റെ തുടക്കം : കാഴ്ചയില്ലാത്തവർക്ക് റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനം എന്ന നിർദേശം സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനാണ് മുന്നോട്ടുവച്ചത്. ട്രാഫിക് എസ്ഐ ബിനൻ ഇതിനായി ഒരു ആശയം രൂപപ്പെടുത്തി. പൊലീസ് അക്കാദമിയിലെ എസ്ഐ ബോബി ചാണ്ടി ഈ സംവിധാനം നിർമിച്ചെടുത്തതോടെ കാഴ്‌ചയില്ലാത്തവർക്കും ബധിരർക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാഫിക് സിസ്‌റ്റം തൃശൂർ നായ്ക്കനാലിൽ സ്ഥാപിക്കപ്പെട്ടു.
എന്താണ് 'ബഡ്ഡി സീബ്ര' : നിലവിലെ ട്രാഫിക് സിഗ്നൽ സംവിധാനവുമായാണ് ഈ ഉപകരണം ബന്ധിപ്പിച്ചിട്ടുള്ളത്. മുകൾഭാഗത്ത് പ്രത്യേകം ഘടിപ്പിച്ച ഡോം ഭാഗം സിഗ്നലിൽ ചുവപ്പ് തെളിയുമ്പോൾ കറങ്ങുകയും പ്രത്യേക ശബ്‌ദം ഉണ്ടാക്കുകയും ചെയ്യും. ഇതിൽ സ്പർശിക്കുന്ന കാഴ്ച പരിമിതിയുള്ളവർക്ക് ഡോം കറങ്ങുന്നത് നിലയ്‌ക്കുന്നത് വരെ റോഡ് മുറിച്ച് കടക്കാനുള്ള സമയം കൃത്യമായി മനസിലാക്കാനാകും. കൂടാതെ ഉപകരണം പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്‌ദം റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാനും ഇവരെ സഹായിക്കും.
ഉടന്‍ എത്തും, കാത്തിരിക്കാം : നിലവിൽ ഇത്തരത്തില്‍ നാല് ഉപകരണങ്ങളാണ് നായ്ക്കനാൽ ജങ്‌ഷനിൽ മാത്രം ഘടിപ്പിച്ചിട്ടുള്ളത്. ഉപകരണങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പടെ 60,000 രൂപയാണ് പദ്ധതിക്ക് ചിലവ് വന്നിട്ടുള്ളത്. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാനുള്ള സംവിധാനങ്ങളും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്.
തൃശൂർ നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ ഈ സംവിധാനം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതോടെ മറ്റ് ജില്ലകളിലേക്കും ഈ നൂതന ആശയം ഉടന്‍ എത്തുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.