തൃശൂര്‍: ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കോക്ലിയര്‍ ഗ്ലോബല്‍ ഹിയറിങ് അംബാസിഡറുമായ ബ്രെറ്റ് ലീ. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നിര്‍ബന്ധമായും നടത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കല്ലേറ്റുങ്കരയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ (എന്‍ഐപിഎംആര്‍) സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, എന്‍ഐപിഎംആര്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ. മുഹമ്മദ് അഷീലുമായി അദ്ദേഹം ചര്‍ച്ച നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അഞ്ച് ലക്ഷത്തോളം നവജാത ശിശുക്കള്‍ക്ക് ശ്രവണ പരിശോധന നടത്തിയതായി ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. സെന്ററിലെ പ്രവര്‍ത്തനം നിരീക്ഷിച്ച ബ്രെറ്റ് ലീ എന്‍ഐപിഎംആറിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും സംവദിച്ചു.