തൃശൂർ: തൃശൂർ കോർപറേഷനിൽ ബിജെപി 21 മുതൽ 30 വരെ സീറ്റ് നേടുമെന്ന് സുരേഷ് ഗോപി എം.പി. തൃശൂരിൽ ബിജെപി സ്ഥാനാർഥികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ജയിക്കില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഹൈദരാബാദ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം. രാഷ്ട്രത്തെ ചലിപ്പിക്കുന്നത് ചെറുചലനങ്ങളാണെന്നും താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾക്ക് അതുകൊണ്ടുതന്നെ പ്രസക്തി കൂടുതലാണെന്നും എൻ.ഡി.എ സ്ഥാനാർഥി സംഗമത്തിൽ സുരേഷ് ഗോപി പറഞ്ഞു.
ഫലപ്രഖ്യാപനം എന്ത് തന്നെയായാലും 55 ഡിവിഷനിലെ സ്ഥാനാർഥികൾ തുടർന്നും അതാത് സ്ഥലങ്ങളിലെ വികസനത്തിന് കൂടെയുണ്ടാവണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ അധ്യക്ഷന്മാരുടെ കത്തുകൾ പ്രകാരമാണ് തന്‍റെ ഓഫീസ് ആവശ്യങ്ങൾ നടപ്പാക്കാറെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ബിജെപി സംസ്ഥാന നേതാക്കളായ എ.എൻ.രാധാകൃഷ്ണൻ, അഡ്വ.ബി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.