തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി ജില്ലാ നേതൃത്വം പുറത്തുവിട്ടു. തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ജില്ല അധ്യക്ഷൻ അഡ്വക്കറ്റ് അനീഷ് കുമാർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
നിലവിൽ 37 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളത്. ആകെ തൃശൂർ കോർപ്പറേഷനിൽ 55 സീറ്റാണുള്ളത്. ബാക്കി സീറ്റിലേക്കുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഘടകകക്ഷികളുമായി ചർച്ച ചെയ്തതിനു ശേഷം ആയിരിക്കും ഈ സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിൽ ബി.ജെ.പി ആറ് സീറ്റ് നേടിയിരുന്നു. ഇത്തവണ, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പിക്ക് വേണ്ടി ശക്തമായി സമരം നയിച്ച മഹിളാ മോർച്ച, യുവമോർച്ച പ്രവർത്തകർ സ്ഥാനാർഥികൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകിയതുകൊണ്ട് തന്നെ മികച്ച വിജയം നേടാനാകുമെന്ന് തന്നെയാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ.