തൃശൂര്‍: ബിജെപി വക്താവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ തൃശൂർ കലക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തി. കൊവിഡ് രോഗികൾക്ക് ആവശ്യമായ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യുന്നതിൽ പക്ഷപാതപരമായ സമീപനമാണ് തൃശൂർ ജില്ലാ ഭരണകൂടം സ്വീകരിച്ചതെന്ന് ആരോപിച്ചായിരുന്നു സമരം.
ആറായിരത്തോളം വരുന്ന കൊവിഡ് രോഗികളിൽ ഇടതുപക്ഷ അനുഭാവികൾക്ക് മാത്രമാണ് ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കൊവിഡ് രോഗികൾ നൽകേണ്ട ശേഷിക്കുന്ന ബാലറ്റ് പേപ്പറുകൾ ജില്ലാ കലക്ടറേറ്റില്‍ കെട്ടിക്കിടക്കുകയാണ്. ഇടതുപക്ഷ അനുഭാവമുള്ള എൻജിഒകളുടെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചത്.
ഇതിന് ജില്ലാ കലക്ടർ എസ് ഷാനവാസ് മറുപടി പറയണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഏതാനും ബിജെപി പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.