തൃശൂര്‍: സംഗീതലോകത്ത് നിന്നും അർജുനൻ മാസ്റ്റർ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്‍റെ എഴുന്നൂറോളം വരുന്ന അനശ്വര ചലച്ചിത്രഗാനങ്ങളുടെ അപൂർവശേഖരമാണ് മതിലകം പുന്നക്ക ബസാർ സ്വദേശി ഇ.വി.വസന്തൻ സൂക്ഷിച്ചിരിക്കുന്നത്. വിവിധ ഗ്രാമഫോൺ റെക്കോർഡുകൾ, ഓഡിയോ കാസറ്റുകൾ തുടങ്ങി അർജുന സംഗീതത്തിന്‍റെ ഒരു നീണ്ട നിര തന്നെയാണ് എഴുത്തുകാരനും അധ്യാപകനുമായ വസന്തന്‍റെ ശേഖരത്തിലുള്ളത്. 1968ൽ പുറത്തിറങ്ങിയ 'കറുത്ത പൗർണമി' മുതല്‍ പിന്നീട് അർജുനൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച എല്ലാ ഗാനങ്ങളും വസന്തൻ ഒരു നിധി പോലെ ഇന്നും സൂക്ഷിക്കുന്നു.
ഇ.വി.ജി. എന്ന തൂലികാനാമത്തിൽ സാഹിത്യരചന നടത്തിയിരുന്ന അച്ഛൻ ഇ.വി.ഗോപാലനുമായുള്ള അർജുനൻ മാഷിന്‍റെ സൗഹൃദമായിരുന്നു വസന്തനെ അർജുന സംഗീതത്തിന്‍റെ ആരാധകനാക്കിയത്. അച്ഛനെഴുതിയ 'ഒരേ ഭൂമി ഒരേ രക്ത'മെന്ന നാടകം സിനിമയാക്കാൻ തീരുമാനിക്കുകയും ഇതിലെ മൂന്ന് ഗാനങ്ങൾ അർജുനൻ മാഷ് ഈണമിട്ട് റെക്കോർഡ് ചെയ്യുകയും ചെയ്‌തു. എന്നാൽ സാമ്പത്തിക കാരണങ്ങളാൽ ചിത്രീകരണം നടന്നില്ല. ചിത്രം പൂർത്തിയായിരുന്നുവെങ്കിൽ അർജുനൻ മാഷ് മലയാളത്തിൽ ഈണമിട്ട ആദ്യ സിനിമയെന്ന കീര്‍ത്തി 'ഒരേ ഭൂമി ഒരേ രക്ത'ത്തിന് ലഭിക്കുമായിരുന്നു. 2018ൽ അർജുനൻ മാഷിന്‍റെ എല്ലാ ഗാനങ്ങളും റെക്കോർഡ് ചെയ്‌ത ഡിവിഡി അദ്ദേഹത്തെ ഏൽപ്പിക്കാൻ എറണാകുളം പള്ളുരുത്തിയിലെ വീട്ടിൽ പോയിരുന്നു. ആദ്യം ഈണമിട്ട ഗാനത്തെ ഓർമപ്പെടുത്തിയപ്പോഴാണ് അർജുനൻ മാഷ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് വസന്തൻ ഓർക്കുന്നു.
അർജുനൻ മാസ്റ്ററിനെ കുറിച്ചുള്ള ലേഖനം എഴുതുന്നതിനിടയിലാണ് അദ്ദേഹത്തിന്‍റെ വിയോഗ വാർത്ത വസന്തനെ തേടിയെത്തുന്നത്. മാഷിന്‍റെ വിയോഗം മലയാള സംഗീതലോകത്തിന് തീരാനഷ്‌ടമാകുമ്പോഴും എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിലൂടെ വസന്തന്‍റെ ശേഖരത്തിൽ അർജുനൻ മാസ്റ്ററും അദ്ദേഹത്തിന്‍റെ സംഗീതവും കാലത്തിനും മരണത്തിനും അതീതമായി ശാന്തമായി നിറഞ്ഞൊഴുകുന്നു...