തൃശൂർ: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാമെന്ന് തൃശൂർ അതിരൂപത. മൃതദേഹം ദഹിപ്പിച്ച ശേഷം ഭൗതിക അവശിഷ്‌ടങ്ങൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നും അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തെ ചൊല്ലി തർക്കങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് തൃശൂർ അതിരൂപതയുടെ പുതിയ തീരുമാനം. തൃശൂർ അതിരൂപതാ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് ഇടവക വികാരിമാർക്ക് അയച്ച സർക്കുലറിലാണ് പുതിയ നിർദേശങ്ങൾ ഉള്ളത്.
![കൊവിഡ് മരണം തൃശൂർ അതിരൂപത സർക്കുലർ Archdiocese of Thrissur covid death circular](https://etvbharatimages.akamaized.net/etvbharat/prod-images/7632809_646_7632809_1592269431142.png)
സെമിത്തേരിയിൽ സ്ഥലമുണ്ടെങ്കിൽ സിവിൽ അധികാരികളുടെ നിർദേശമനുസരിച്ച് കുഴി എടുത്ത് മൃതദേഹം സംസ്‌കരിക്കാം. സ്ഥലമില്ലെങ്കിൽ ഇടവകയുടെ പള്ളി പറമ്പിൽ സൗകര്യമുള്ള ഇടം ഉണ്ടോയെന്ന് നോക്കണം. ഇടവക സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലം ഇല്ലെങ്കിൽ മറ്റൊരു പള്ളിയുടെ സെമിത്തേരിയിലോ അതിനും സാധ്യമല്ലെങ്കിൽ വീട്ടു വളപ്പിലോ സംസ്‌കരിക്കുന്നതിന് തടസമില്ല. ഈ സാഹചര്യങ്ങൾ ഒന്നും സാധ്യമല്ലാത്ത സാഹചര്യത്തിൽ ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം ദഹിപ്പിക്കുന്നതിന് സഭ അനുമതി നൽകുന്നു. ഇങ്ങനെ സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ ഭൗതിക അവശിഷ്‌ടങ്ങൾ രണ്ട് വർഷത്തിനുള്ളിൽ ഇടവക പള്ളിയുടെ സെമിത്തേരിയിൽ അടക്കം ചെയ്യേണ്ടതാണ്. ഈ നിർദേശങ്ങൾ എല്ലാം കൊവിഡ് പശ്ചാത്തലത്തില്‍ മാത്രമുള്ളതാണെന്നും സർക്കുലറിൽ പറയുന്നു.