തൃശൂര്‍: എഐ ക്യാമറ വിവാദത്തില്‍ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ. ബിനാമി പേരില്‍ ടെൻഡർ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനാണെന്ന് അവര്‍ ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിന്‍റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്തതെന്നും വിഷയം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വിമര്‍ശനം കനപ്പിച്ച് ചെന്നിത്തല: എഐ ക്യാമറ ഇടപാടിൽ പുതിയ മൂന്ന് രേഖകൾ കൂടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടിരുന്നു. ഇടപാടിന് പിന്നില്‍ 132 കോടി രൂപയുടെ അഴിമതിയാണെന്നും ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ ഒളിപ്പിച്ചുവച്ച രേഖകളാണ് തങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രേഖകള്‍ പങ്കുവച്ച് ചോദ്യങ്ങള്‍: രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണെന്നും ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്‍റർപ്രൈസസ് കമ്പനിക്ക് പ്രവൃത്തി പരിചയമില്ലെന്നും ചെന്നിത്തല ആരോപിച്ചു. അക്ഷര കമ്പനിയെ എങ്ങനെ ടെൻഡർ നടപടിയിൽ ഉൾപ്പെടുത്തിയെന്നും ടെൻഡർ നടപടിയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സർക്കാർ മൗനം തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാവില്ലെന്നും വ്യക്തമാക്കി.
കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയതെന്നും കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നുവെന്നും ചെന്നിത്തല വിമര്‍ശനമുന്നയിച്ചു. കഷ്‌ടിച്ച് 100 കോടിക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന ഒരു പദ്ധതിയെ 232 കോടിയിലെത്തിക്കുകയും 132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്‍റെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നതിനെയും അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നും അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തു.
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം: വ്യക്തമായ അന്വേഷണത്തിനും നടപടികള്‍ക്കും പകരം സര്‍ക്കാരും കെല്‍ട്രോണും ഇപ്പോഴും ഉരുണ്ടുകളി തുടരുകയാണെന്നും അതിന്‍റെ ഭാഗമായിട്ടാണ് കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം ഈ പദ്ധതി സംബന്ധിച്ച ഒന്‍പത് രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വച്ച് പകരം തങ്ങള്‍ക്ക് സുരക്ഷിതമെന്ന് തോന്നിയ രേഖകളാണ് പ്രസിദ്ധീകരിച്ചതെന്നും എന്നാല്‍ അവ പോലും ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്നവയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം കെൽട്രോൺ പുറത്തുവിട്ട രണ്ട് രേഖകളില്‍ ഒന്ന് ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് ആണ്. റിപ്പോര്‍ട്ടിലെ സീരിയല്‍ നമ്പര്‍ നാലില്‍ 2. 2. എന്ന കോളത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. ഇത് കമ്പനിക്കുണ്ടെന്ന് ടിക് മാര്‍ക്ക് ചെയ്‌തിട്ടുണ്ടെന്നും എന്നാല്‍, അക്ഷര എന്‍റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനി രജിസ്‌റ്റര്‍ ചെയ്‌തത് 2017ലാണെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്ന രേഖ നല്‍കാമെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. കമ്പനി രൂപീകരിച്ച് ആറ് വര്‍ഷവും രണ്ട് മാസവും മാത്രമേ ആകുന്നുള്ളൂവെന്നും അപ്പോള്‍ ഈ റിപ്പോര്‍ട്ടിന്‍റെ സത്യസന്ധത എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.