തൃശൂര്‍: ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി പറയണമെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. പരാതി നല്‍കിയ യുവതിയെ ബിനോയ് കോടിയേരിയുടെ കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് വീണ്ടും പരാതി വന്നിരുന്നു. കോടിയേരിയുടെ കുടുബാംഗങ്ങൾ ഭീഷണിപ്പെടുത്തി എന്നതിനാൽ കേസിൽ കോടിയേരി ബാലകൃഷ്ണനും പ്രതിയാകും. കൃഷ്ണപിള്ളയെ പോലെയുള്ളവര്‍ ഇരുന്ന കസേരയിലിരുന്ന് കൊടിയേരി ബാലകൃഷ്ണന്‍ മൗനം പാലിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്നും അദ്ദേഹം തൃശൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഇരയെ പീഡിപ്പിക്കുന്ന സർക്കാരാണ് കേരളത്തിലേത്. പരാതിക്കാരിക്കെതിരെ കേസെടുത്തതിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നതരാണെന്നും ഇതിന് കോടിയേരി ബാലകൃഷ്ണനും പിണറായിയും വിഎസും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ നവോത്ഥാനത്തിന്റെയും സ്ത്രീ സംരക്ഷണത്തിന്റെയും പൊള്ളത്തരം ജനം തിരിച്ചറിയണം. കോടിയേരിയുടെ മക്കളുടെ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണം. കോടിയേരി ബാലകൃഷ്ണന്‍ കേരളത്തെ വിറ്റ് ഉണ്ടാക്കുന്ന പണമാണ് മക്കൾ ചിലവാക്കുന്നത്. ബിനാമി ഇടപാടുകാരായി കോടിയേരിയുടെ മക്കൾ മാറുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പിണറായിയുടെ മകളെക്കുറിച്ചും ഇത്തരം പരാതികൾ ഉണ്ട്. ബൃന്ദ കാരാട്ടിന്റെ മറുപടി കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിൽ സമഗ്രമായ അന്വേഷണം നടത്താൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.