തൃശൂര്‍ : സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മതിലകത്ത് ആരംഭിക്കുന്ന സി.പി.ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം സന്ദര്‍ശിച്ച് നടൻ മമ്മൂട്ടി. ചൊവ്വാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ, സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.സാലിഹിനൊപ്പമാണ് മമ്മൂട്ടി സി.എഫ്.എൽ.ടി.സിയിലെത്തിയത്.
സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യത്തെ സി.എഫ്.എൽ.ടി.സി.യിലെ ഒരുക്കങ്ങൾ മമ്മൂട്ടി നോക്കി കണ്ടു. നടന്‍ നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയറും, സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് അർഹരായ 250 പേർക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നൽകുമെന്ന് താരം പറഞ്ഞു.
മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി.എസ്.രവീന്ദ്രൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.സതീഷ്, ഡോ.സാനു.എം.പരമേശ്വരൻ, പി.വി. അഹമ്മദ് കുട്ടി, എം.എ.നാസർ, ഇ.ഡി.ദീപക്, ഹിലാൽ കുരിക്കൾ, ഷെമീർ എളേടത്ത്, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സർക്കാരും വലപ്പാട് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സഹകരിച്ചാണ് നാനൂറ് ഓക്‌സിജൻ കിടക്കകളോട് കൂടിയ സെൻ്റർ ഒരുക്കുന്നത്.
ഓഗസ്റ്റ് പത്തോടെ സി.എഫ്.എൽ.ടി.സി തുറന്നുപ്രവർത്തിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടം സന്ദര്‍ശിച്ചിരുന്നു.