തൃശൂർ: കണ്ണൂരിലെ സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നിലപാട് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. യുഡിഎഫ് പ്രവർത്തകർ നിയമം കയ്യിലെടുക്കുകയാണെന്നും സമാധാനചർച്ചയിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിൽ സമാധാനം ഉണ്ടാക്കുക പരമപ്രധാനമായ ഒന്നാണ്. അതിനായുള്ള പരിശ്രമങ്ങളോട് എല്ലാവരും സഹകരിക്കണം. യുഡിഎഫ് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് പരിശോധിക്കണം. സാധാരണഗതിയിൽ ഉണ്ടാകുന്നതിനേക്കാള്‍ അപ്പുറത്തുള്ള പ്രതികരണമാണ് സംഭവിച്ചതെന്നും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിന്‍റെയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ല കലക്‌ടര്‍ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.
കൂടുതൽ വായനയ്‌ക്ക്: കണ്ണൂരില്‍ സമാധാന യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
സമാധാന ശ്രമങ്ങളോട് ലീഗ് സഹകരിക്കണം. അക്രമ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കൊപ്പം നിന്ന് കണ്ണൂരിലെ സമാധാന അന്തരീക്ഷത്തെ ദുർബലപ്പെടുത്തരുത്. തെറ്റായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അല്ലാതെ നിയമം കയ്യിലെടുത്ത് ആസൂത്രിത അക്രമം നടത്തുകയല്ല വേണ്ടത്. അക്രമങ്ങളില്‍ നിന്ന് പിന്മാറാൻ ലീഗ് നേതൃത്വം പ്രവര്‍ത്തകരോട് നിർദേശിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പി. ജയരാജന്‍റെ മകന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ല. ജയരാജന്‍റെ മകൻ പാർട്ടി നേതാവല്ല. ഇക്കാര്യത്തിൽ ജയരാജൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: മകന്‍റെ പോസ്റ്റ് തള്ളി പി ജയരാജന്‍ ; 'ആ അഭിപ്രായത്തോട് യോജിപ്പില്ല'