തൃശൂര്‍: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 256 ആയി. ഇതില്‍ 39 പേര്‍ ആശുപത്രികളിലും 217 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. സ്ഥിതിഗതികള്‍ ജില്ലാ ഭരണകൂടം കൃത്യമായി വിലയിരുത്തി വരികയാണ്. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളോടൊപ്പം വിമാനയാത്ര നടത്തിയ 17 പേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ രണ്ട് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. നാല് പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചിട്ടുണ്ട്.
തൃശൂര്‍ റെയിവെ സ്റ്റേഷനുകളില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനായി ഹ്രസ്വചിത്രങ്ങളും പ്രചരണ സാമഗ്രികളും സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. രോഗബാധിത മേഖലകളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹെല്‍പ്പ് ഡസ്‌കില്‍ ബന്ധപ്പെടാതെ ആരും മടങ്ങരുത്. ഇവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിക്കുകയും വേണം. സ്വയം ചികിത്സ ഒഴിവാക്കുക. ആഘോഷങ്ങളില്‍ നിന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഇത്തരക്കാര്‍ ഒഴിവായി നില്‍ക്കണം. ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കാത്തവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.