തൃശൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്‌ച മുതല്‍ മാര്‍ച്ച് 29 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്‌തീന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷനാളുകളിലെ ജനത്തിരക്ക് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കാവ് തീണ്ടല്‍ ഉൾപ്പടെയുള്ള ആചാരങ്ങൾ ചടങ്ങിലൊതുക്കി നടത്തും.
ആരാധനാലയങ്ങളിലെ മാത്രമല്ല ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും റദ്ദാക്കുമെന്നും ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂരില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മൂന്ന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് എക്‌സിക്ക്യൂട്ടീവ് മജിസ്‌ട്രേട്ടിന്‍റെ ചുമത നല്‍കിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ മിനി സിവിൽ സ്‌റ്റേഷനിൽ ചേർന്ന യോഗത്തിൽ വി.ആർ സുനിൽ കുമാർ എംഎൽഎ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.ബി മോഹനൻ, കൊടുങ്ങല്ലൂർ വലിയ തമ്പുരാന്‍റെ പ്രതിനിധി സുരേന്ദ്രവർമ്മ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷ് എന്നിവർ പങ്കെടുത്തു.