തിരുവനന്തപുരം: ലോക്ക് ഡൗണിൽ സംസ്ഥാനത്തെ മൃഗശാലകൾക്ക് വൻ വരുമാനനഷ്‌ടം. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന വേനലവധിക്കാലമാണ് കൊവിഡ് പ്രതിസന്ധി കൊണ്ടുപോയത്. അതേസമയം മൃഗങ്ങളുടെ ഭക്ഷണവും പരിചരണവും സുരക്ഷയും ഉറപ്പുവരുത്തിയതായി മൃഗശാലാ അധികൃതർ വ്യക്തമാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാർച്ച് 14ന് തന്നെ തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകൾ അടച്ചിരുന്നു. പ്രതിസന്ധി മുൻകൂട്ടി കണ്ട് മൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്താൻ നടപടിയെടുത്തുവെന്ന് മൃഗശാലാ വകുപ്പ് വ്യക്തമാക്കുന്നു.
200 ലേറെ ജീവനക്കാരുള്ള തിരുവനന്തപുരം മൃഗശാലയിൽ 30 ശതമാനം ജീവനക്കാരെ മാത്രം രണ്ടു ഷിഫ്റ്റുകളിലായി മൃഗങ്ങളുടെ പരിചരണത്തിന് നിയോഗിച്ചു. കൊവിഡ് സുരക്ഷാ നിർദേശങ്ങള്‍ പാലിച്ചാണ് ഇവർ ജോലിക്കെത്തിയത്. പ്രതിദിനം ശരാശരി 7000 സന്ദർശകരാണ് തിരുവനന്തപുരം മൃഗശാലയിലെത്തുക. തിരുവനന്തപുരത്ത് വാർഷിക വരുമാനം ആറുകോടിക്കു മുകളിലാണ്. തൃശ്ശൂരിൽ ഒരു കോടിക്കു മേൽ. സ്‌കൂള്‍ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൂടുതൽ വരുമാനം ലഭിക്കുക. എന്നാൽ കൊവിഡ് കൈയ്യടക്കിയ ഈ അവധിക്കാലം സന്ദർശകരും വരുമാനവുമില്ലാതെ കടന്നുപോയി.