തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര സംഘം. ആറ് പേരടങ്ങുന്ന വിദഗ്ധ സംഘം തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതിനാലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മാർഗനിർദേശം നൽകാനും കേന്ദ്രസംഘമെത്തിയത്.
വൈറസ് എങ്ങനെയെത്തി എന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തും. കൂടാതെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാനും കേന്ദ്ര സംഘത്തിന്‍റെ മേൽനോട്ടത്തിൽ തയാറാക്കും. സിക വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും കേന്ദ്ര സംഘം പരിശോധന നടത്തി.
സർക്കാർ കേന്ദ്രീകൃതമായി മാത്രം സിക പരിശോധന നടത്തിയാൽ മതിയെന്ന് കേന്ദ്ര സംഘം നിർദേശിച്ചു. കൃത്യമായ കണക്കുകൾ ലഭിക്കുന്നതിനും ഏകോപനത്തോടെയുള്ള പ്രതിരോധ പ്രവർത്തനത്തിനുമായാണ് ഏകീകൃത സംവിധാനം. ഗർഭിണികളിൽ വൈറസ് ബാധ ഗുരുതരമാകാൻ ഉള്ള സാധ്യതയുള്ളതിനാൽ ഗർഭകാലത്ത് നടത്തുന്ന പരിശോധനയിൽ സിക പരിശോധന കൂടി ഉൾപ്പെടുത്തും. സിക പരിശോധനയ്ക്കും ചികിത്സക്കുമായി വിശദമായ മാർഗരേഖ ആരോഗ്യ പ്രവർത്തകർക്ക് നൽകും.