തിരുവനന്തപുരം: രോഗവ്യാപനത്തിനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിൽ ഉണ്ടെന്നും സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇനിയും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധരുടെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്‍റെ സീറോ സർവ്വെയും റീ പ്രൊഡക്ഷന്‍ നമ്പറായ ആര്‍ വാല്യു സംബന്ധിച്ച പഠനവുമാണ് സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകാൻ സാധ്യത ഏറെയാണെന്ന് വെളിപ്പെടുത്തിയത്.
കേരളത്തിലെ 56 ശതമാനം പേർക്ക് രോഗം ബാധിക്കാൻ സാധ്യത
ഒരു സംസ്ഥാനത്ത് എത്ര പേർക്ക് കൊവിഡ് ബാധിച്ചു എന്നത് സംബന്ധിച്ചാണ് ഐസിഎംആറിന്‍റെ സീറോ സർവ്വെ. ജനങ്ങളുടെ ശരീരത്തിലെ വൈറസിനെതിരായ ആന്‍റിബോഡി കണ്ടെത്തിയാണ് സീറോ സർവ്വെ പഠനം നടത്തുന്നത്. കൊവിഡ് ഭേദമായവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുമാണ് കൊറോണ വൈറസിനെതിരായ ആന്‍റിബോഡി ഉണ്ടാകുക. സീറോ സർവ്വെയിലൂടെ കേരളത്തിലെ 44.4 ശതമാനം പേരുടെ ശരീരത്തിൽ മാത്രമാണ് കൊറോണ വൈറസിനെതിരായ ആന്‍റിബോഡി കണ്ടെത്തിയത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അത്തരം സാഹചര്യത്തിൽ കൊവിഡ് വരാൻ സാധ്യതയുള്ള 56 ശതമാനം ജനസംഖ്യയുള്ള സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല. വെല്ലുവിളി നേരിടാന്‍ സംസ്ഥാനത്തിനു മുന്നിലുള്ള ഏക മാര്‍ഗ്ഗം വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുക മാത്രമാണ്.
വാക്‌സിൻ ദൗർലഭ്യം സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 2,13,01,782 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,50,32,333 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 62,69,449 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 42.81 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് വാക്‌സിൻ നൽകിയത്. 17.86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. വാക്‌സിനേഷന്‍ ഇനിയും വേഗത്തിലാക്കാന്‍ ശേഷിയുള്ള ആരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. എന്നാല്‍ കൂടുതല്‍ വാക്‌സിന്‍ ലഭിക്കണമെന്ന് മാത്രം.
കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് ആർ വാല്യു പഠന റിപ്പോർട്ട്
റീ പ്രൊഡക്ഷന്‍ നമ്പറായ ആര്‍ വാല്യു സംബന്ധിച്ച പഠനം സീറോ സർവ്വെയെക്കാൾ ഗുരുതരമായ സ്ഥിതിയാണ് വ്യക്തമാക്കുന്നത്. ഒരു കൊവിഡ് രോഗിയില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയെന്നതാണ് ആര്‍ വാല്യു പഠനം വ്യക്തമാക്കുന്നത്. കേരളത്തിലെ ആര്‍ വാല്യ കഴിഞ്ഞ ഒരു മാസമായി ഒന്നിനു മുകളിലാണ്. അതായത് സംസ്ഥാനത്ത് ഒരു കൊവിഡ് രോഗിയില്‍ നിന്ന് ഒന്നിലധികം പേര്‍ക്ക് രോഗം പകരുന്നു. ഇത് ഗുരുതരമായ സ്ഥിതിയാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 22,040 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ മാത്രം കഴിഞ്ഞ ദിവസം 3645 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. നാല് ജില്ലകളില്‍ പ്രതിദിന കേസുകള്‍ രണ്ടായിരത്തിലധികവും അഞ്ച് ജില്ലകളില്‍ ആയിരത്തിലധികവുമാണ് പ്രതിദിന കേസുകള്‍. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 1,77,924 പേരാണ്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ പ്രതിദിന കേസുകള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തിയത് കുറവ് പരിശോധനകള്‍ നടക്കുന്ന ഞായറാഴ്ച മാത്രമാണ്. ആര്‍ വാല്യുവിലെ വര്‍ധനവ് മുന്നറിയിപ്പ് നല്‍കുന്നത് വരും ദിവസങ്ങളിലെ ഗുരുതരമായ സ്ഥിതിയാണ്.
മുന്നറിയിപ്പുമായി കേന്ദ്രസംഘം
കേരളത്തിലെ സ്ഥിതി പഠിക്കാനെത്തിയ ആറംഗ കേന്ദ്രസംഘവും കേരളത്തിനുള്ള മുന്നറിയിപ്പ് നൽകിയാണ് റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയത്. കേരളത്തില്‍ പരിശോധനാ-നിരീക്ഷണ സംവിധാനങ്ങളില്‍ വീഴ്ചയുണ്ടായെന്നാണ് കേന്ദ്രസംഘത്തിന്‍റെ പ്രധാന വിമര്‍ശനം. ആര്‍ടിപിസിആറിനെക്കാള്‍ ആന്‍റിജന്‍ ടെസ്റ്റിനാണ് സര്‍ക്കാര്‍ പ്രാധാന്യം നൽകുന്നത്. മിക്ക ജില്ലകളിലും ആർടിപിസിആര്‍-റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് അനുപാതം 80:20 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊവിഡ് ഒന്നാം തരംഗത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സര്‍ക്കാര്‍ രണ്ടാം തരംഗത്തില്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ല. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും അലംഭാവം കാണിക്കുന്നു. കൂടാതെ കൊവിഡ് രോഗികളെ ഗൃഹനിരീക്ഷണത്തിലാക്കുന്നതിലും വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച ചര്‍ച്ചകളാണ്. ഇതൊടൊപ്പം തന്നെ രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടി നടപ്പാക്കേണ്ട ഗുരുതര സ്ഥിതിയിലേക്കാണ് സംസ്ഥാനം പോകുന്നത്.
Also Read: നിയന്ത്രണങ്ങളിൽ മാറ്റമില്ല; നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്