തിരുവനന്തപുരം: കത്ത് വിവാദം കത്തിപ്പടരുന്നതിനിടെ തിരുവനന്തപുരം നഗരസഭയിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ തിരിഞ്ഞു പോകാൻ തയ്യാറായില്ല. ഇതോടെ പൊലീസ് കണ്ണീർഷെല്ലും ഗ്രനേഡുകളും പ്രയോഗിച്ചു. പൊലീസും പ്രവർത്തകും തമ്മില്‍ സംഘർഷം നടക്കുന്നതിനിടെ ബിജെപി ജില്ല പ്രസിഡന്‍റ് വി.വി രാജേഷിനൊപ്പം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിഷേധ വേദിയിലേക്ക് എത്തി. ഇതിനിടെ സുരേന്ദ്രന് നേരേയും പൊലീസ് ജലപയോഗിച്ചു.
സുരേന്ദ്രന് സമീപത്തായാണ് കണ്ണീർവാതകം വീണ് പൊട്ടിയത്. ഇതോടെ പ്രവർത്തകർക്കും സുരേന്ദ്രനും അടക്കം ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇതിനിടെ പ്രവർത്തകർ എൽഎംഎസ് കോമ്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി. പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.