തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്‌ലീം യൂത്ത് ലീഗ് നടത്തിയ മാർച്ചിലെ രണ്ടു മുതൽ 29 വരെയുള്ള പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഉപാധികളോടെ ജാമ്യം നൽകിയത്.
കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം. ഒരോ പ്രതിയും 25,000 രൂപയും രണ്ട് ജാമ്യക്കാരെയും ഹാജരാക്കണം. ഒരോ പ്രതികളും 2586 രൂപ വീതം പിഴയും അടയ്ക്കണം. ഇതോടെ ജാമ്യം ലഭിച്ച 28 പ്രതികളും കൂടി ചേർന്ന് 72,408 രൂപ കോടതിയിൽ കെട്ടിവെയ്ക്കണം എന്നീ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
കാസർകോട് സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശി റാഫി, കണ്ണൂർ സ്വദേശി അഫ്‌സൽ, സുഹൈബ്, നൗഫൽ, എൻ.എ സിദ്ധിഖ്, ഷബീർ, അജ്‌മൽ, അമൻ, അബുതാഹിർ, നൗഷാദ്, മുഹമ്മദ് അഫ്ലാഹ്, സക്കീർ, ജമാസിൽ, മുസ്‌തഫ, ശുഹൈബ്, മുഹമ്മദ് അഫ് സാൻ, അസ്‌ലം, മുഹമ്മദ് ശരീഫ്, നിഷാദ് അഹമ്മദ്, ഉമ്മർ, ആസിൽ, ബാസിത് തുടങ്ങിയ പ്രതികൾക്കാണ് ജാമ്യം.
സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിന് പരിക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ ഫിറോസിന് ജാമ്യം ലഭിച്ചിട്ടില്ല. ഒന്നാം പ്രതിയുടെ ജാമ്യം കോടതിയിൽ ഫയൽ ചെയ്‌തിട്ടില്ല.