തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ കോര്‍പറേഷനില്‍ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം ശക്തം. മേയറുടെ ഓഫിസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും പുറകുവശത്തെ വാതിലിലൂടെയാണ് പ്രതിഷേധക്കാര്‍ അകത്തെത്തിയത്.
അപ്രതീക്ഷിതമായി മുദ്രാവാക്യം വിളി ഉയര്‍ന്നപ്പോഴാണ് പ്രതിഷേധക്കാര്‍ അകത്തു കടന്ന വിവരം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ താഴത്തെ നിലയിലെത്തിച്ചു. ഇതോടെ ഇവിടെയുണ്ടായിരുന്ന ഇടത് കൗണ്‍സിലര്‍മാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പൊലീസ് ശ്രമകരമായാണ് ഇവരെ ഓഫിസിന് പുറത്തെത്തിച്ച് ജീപ്പില്‍ കയറ്റിയത്. ഇതോടെ കോര്‍പറേഷന്‍ ഓഫിസിന് പുറത്ത് ധര്‍ണ നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ചെറിയ രീതിയില്‍ ലാത്തി ചാര്‍ജും നടന്നു. കോര്‍പറേഷന്‍ ഓഫിസിലേക്ക് തള്ളി കയറാനും ശ്രമമുണ്ടായി. മറ്റൊരു ഗേറ്റിലൂടെ പ്രതിഷേധം നടന്ന് രണ്ട് പ്രവര്‍ത്തകരുമായി പൊലീസ് ജീപ്പ് പോയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഓഫിസിലെത്തിയ മേയര്‍ ആര്യ രാജേന്ദ്രനെ തടയാന്‍ ശ്രമം ഉണ്ടായെങ്കിലും ഇന്ന് അത്തരമൊരു പ്രതിഷേധമുണ്ടായില്ല. പ്രതിഷേധമൊന്നുമില്ലാതെ മുന്‍വാതിലിലൂടെ തന്നെ മേയര്‍ 10.30ഓടെ ഓഫിസിലെത്തി. വിഷയത്തില്‍ മഹിള കോണ്‍ഗ്രസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ യുവമോര്‍ച്ചയും കോര്‍പറേഷിനിലേക്ക് മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് യുവമോര്‍ച്ചയുടെ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഹിള കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു.