തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ (Youth Congress election) വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണത്തിൽ വിവാദം മുറുകുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ചിലര്‍ വോട്ട് ചെയ്‌തതെന്നാണ് ഉയരുന്ന ആക്ഷേപം (Fake identity cards used in Youth Congress election). ഇതുസംബന്ധിച്ച് എഐസിസി നേതൃത്വത്തിന് മുന്‍പാകെ പരാതിയെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മത്സരാർത്ഥികളാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജന്മാർ വോട്ട് ചെയ്‌തതായും പരാതിയിൽ പറയുന്നു. എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് വ്യക്തമാക്കുന്നതിന് ഉപയോഗിച്ച മൊബൈൽ ആപ്പും മാതൃക വീഡിയോകളുമടക്കമാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം 20 കോടിയിലധികം രൂപ മുടക്കി ബെംഗളൂരു ആസ്ഥാനമായ കമ്പനിയാണ് വ്യാജ ഐഡി കാർഡിനുള്ള ആപ്പ് തയ്യാറാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. സംഭവത്തിൽ എത്രയും വേഗം കേസെടുക്കണമെന്നും കുറ്റകൃത്യത്തിന് പിന്നിൽ ഒരു കോൺഗ്രസ് എംഎൽഎയ്‌ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി, കോൺഗ്രസ് പ്രസിഡന്‍റ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നെന്നും യാതൊരു പരാതിയും ഉയർന്നില്ലെന്നും കോൺഗ്രസ് ഇത് കണ്ടുപഠിക്കണമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തുന്നത്.
Also read: 'ചെയ്തത് രാജ്യദ്രോഹം, യുവജന സംഘടനകൾക്ക് അപമാനം'; യൂത്ത് കോൺഗ്രസിന് എതിരെ ഡിവൈഎഫ്ഐ
തുടർന്ന് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും പരാതി നൽകുമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തിയ ട്രയൽ റൺ ആണിതെന്ന് സംശയമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.