തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാർഡ് നിർമിച്ചുവെന്ന പരാതിക്ക് പിന്നാലെ തെരെഞ്ഞെടുപ്പിൽ പ്രൊഫഷണൽ ഹാക്കർമാരുടെ സേവനവും തേടിയിട്ടുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ.
തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടു. ഡൽഹിയിലെ ഒരു ധനകാര്യ സ്ഥാപനത്തിലെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടിയ കേസിലെ പ്രതികളിൽ ഒരാളുടെ സേവനം ഇതിന് ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മുൻ എംഎൽഎ, നിലവിലെ എംഎൽഎ, നിലവിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്നിവർ ഇതിന് സഹായിച്ചതിന് തെളിവ് ഉണ്ടെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ റഹീം എംപി ആരോപിച്ചു.
മലപ്പുറം ജില്ലയിൽ നിന്നുള്ള മുൻ യൂത്ത് കോൺഗ്രസ് നേതാവും നിലവിൽ ബംഗളൂരുവില്‍ ബിസിനസ് ചെയ്യുകയും ചെയ്യുന്ന വ്യക്തി മുഖേനയാണ് ഹാക്കങിന് സഹായം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം ആരോപിക്കുന്ന സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിത്. എഐസിസിക്ക് ഇതിൽ എന്താണ് നിലപാടെന്നും റഹീം ചോദിച്ചു.
കെഎസ്‌യു പ്രവർത്തകർ വിഷയത്തിന്റെ ഗൗരവമറിയാതെ ഇതിന്റെ ഭാഗമായിരിക്കുകയാണെന്നും വ്യാജ ഐഡി കാർഡ് നിർമ്മിച്ചത് സംബന്ധിച്ച് എംപി എന്ന നിലയ്ക്ക് ഇലക്ഷൻ കമ്മിഷണർക്ക് ഐഡി നിർമിക്കുന്ന വീഡിയോ സഹിതം പരാതി നൽകിയിട്ടുണ്ട്. ഇതിന് മുൻപ് ഇത്തരം വ്യാജ ഐഡി കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ തന്ത്രജ്ഞനായ കനഗോലുവിന്റെ പങ്കും അന്വേഷിക്കണമെന്നും എഎ റഹീം ആവശ്യപ്പെട്ടു.
also read; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജന്മാരെത്തി; കോൺഗ്രസ് എംഎൽഎയ്‌ക്ക് പങ്കുണ്ടെന്ന് കെ സുരേന്ദ്രൻ
അതേസമയം, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ (Youth Congress election) വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണത്തിൽ വിവാദം മുറുകുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ചിലര്‍ വോട്ട് ചെയ്‌തതെന്നാണ് ഉയരുന്ന ആക്ഷേപം (Fake identity cards used in Youth Congress election). ഇതുസംബന്ധിച്ച് എഐസിസി നേതൃത്വത്തിന് മുന്‍പാകെ പരാതിയെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മത്സരാർത്ഥികളാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജന്മാർ വോട്ട് ചെയ്‌തതായും പരാതിയിൽ പറയുന്നു. എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് വ്യക്തമാക്കുന്നതിന് ഉപയോഗിച്ച മൊബൈൽ ആപ്പും മാതൃക വീഡിയോകളുമടക്കമാണ് പരാതി നൽകിയിരിക്കുന്നത്.
20 കോടിയിലധികം രൂപ മുടക്കി ബെംഗളൂരു ആസ്ഥാനമായ കമ്പനിയാണ് വ്യാജ ഐഡി കാർഡിനുള്ള ആപ്പ് തയ്യാറാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ എത്രയും വേഗം കേസെടുക്കണമെന്നും കുറ്റകൃത്യത്തിന് പിന്നിൽ ഒരു കോൺഗ്രസ് എംഎൽഎയ്‌ക്ക് പങ്കുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ആരോപിച്ചു.
ബിജെപി ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി, കോൺഗ്രസ് പ്രസിഡന്‍റ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നെന്നും യാതൊരു പരാതിയും ഉയർന്നില്ലെന്നും കോൺഗ്രസ് ഇത് കണ്ടുപഠിക്കണമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തിയത്.