തിരുവനന്തപുരം : കേരളത്തിലെ സിപിഎം വനിത നേതാക്കളെ പൂതനകളെന്ന് വിശേഷിപ്പിച്ച് സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സംഘടനയുടെ സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍ സുരേന്ദ്രനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വനിത കമ്മിഷന്‍ അധ്യക്ഷ സതീദേവിക്കും പരാതി നല്‍കി. ഇതിന് ലഭിച്ചതിന് തൊട്ടുപിന്നാലെ പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് ഡിജിപി അനില്‍കാന്ത് പരാതി കൈമാറി.
സുരേന്ദ്രന്‍റെ പരാമര്‍ശത്തില്‍ സിപിഎം ഏതാനും ദിവസങ്ങളായി മൗനം തുടരുന്ന പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് രംഗത്തുവന്നിരുന്നു. യുഡിഎഫ് വനിത എംഎല്‍എമാര്‍ വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്ന ആരോപണമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെയും ചുണ്ട് ഇക്കാര്യത്തില്‍ അനങ്ങാത്തത് എന്തുകൊണ്ടാണെന്ന് സതീശന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ആക്ഷേപമുന്നയിച്ചിരുന്നു.
ഒന്നുകില്‍ സുരേന്ദ്രന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം. അല്ലെങ്കില്‍ സര്‍ക്കാര്‍ സുരേന്ദ്രനെതിരെ കേസെടുക്കണം. ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പരാതി നല്‍കുമെന്നും സതീശന്‍ വ്യക്തമാക്കി. ഈ പ്രസ്‌താവനയ്‌ക്ക് പിന്നാലെ അപകടം തിരിച്ചറിഞ്ഞ സിപിഎം, ഉടന്‍ പ്രതികരണവുമായി രംഗത്തുവന്നു.
പ്രതികരണവുമായി സിപിഎം: ആദ്യം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പ്രതികരണവുമായി രംഗത്തുവന്നത്. തൊട്ടുപിന്നാലെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സുരേന്ദ്രനെതിരെ പരാതിയുമായി രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്. പ്രസ്‌താവന അങ്ങേയറ്റം അപമാനകരവും സ്‌ത്രീകളോടുള്ള നീച മനോഭാവത്തിന്‍റെ പ്രതിഫലനവുമാണെന്ന് വീണ എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സ്‌ത്രീത്വത്തെ അപമാനിച്ചു : വനിത നേതാക്കളെ പൂതനയോടുപമിക്കുകയും ബോഡി ഷെയിമിങ്ങിന് വിധേയമാക്കുകയും ചെയ്‌ത പ്രസ്‌താവന സ്‌ത്രീത്വത്തെ അപമാനിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് നിയമനടപടി സ്വീകരിക്കണമെന്നപേക്ഷിക്കുന്നു എന്നായിരുന്നു വീണയുടെ പരാതി. പരാതിയില്‍ തുടര്‍ നടപടി വൈകിയാല്‍ അതും ബിജെപി-സിപിഎം രഹസ്യ ബന്ധമായി കോണ്‍ഗ്രസ് പ്രചാരണം നടത്തുമെന്ന് ഭയന്നാണ് അതിവേഗം നടപടിയിലേക്ക് കടന്നത്.
വിവാദമായ പരാമർശം : കേരളത്തിലെ മാര്‍ക്‌സിസ്റ്റ് വനിത നേതാക്കളെല്ലാം കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്‌ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു സുരേന്ദ്രന്‍ തൃശൂരില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം. പ്രസംഗം സ്‌ത്രീ വിരുദ്ധ പരാമര്‍ശമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും സിപിഎം ഇതിനെതിരെ വിമര്‍ശനമുയര്‍ത്തുകയോ പരാതി നല്‍കുകയോ ചെയ്യാത്തതിനെ കോണ്‍ഗ്രസ് രാഷ്‌ട്രീയ ആയുധമാക്കിയതോടെയാണ് വൈകിയാണെങ്കിലും പാര്‍ട്ടി ഇതിനെതിരെ രംഗത്തുവന്നത്. നേരത്തെ കെ സുധാകരന്‍, വിടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ വിഷയത്തില്‍ കെ സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളിട്ടിരുന്നു.