തിരുവനന്തപുരം : പ്രണയം നിഷേധിച്ചതിന്‍റെ പക തീർക്കാൻ യുവസംരംഭകയെ കഞ്ചാവുകേസിൽ കുടുക്കിയാളെ തിരിച്ചറിഞ്ഞ് ക്രൈം ബ്രാഞ്ച്. നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം ലോർഡ്സ് ആശുപത്രി സി.ഇ.ഒ ഹരീഷ് ഹരിദാസ് ആണ് തന്‍റെ സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ചതെന്ന് ശോഭ വിശ്വനാഥ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ശോഭ ആവശ്യപ്പെട്ടു. തിരുവനന്തപുരം വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന പേരിൽ കൈത്തറി ഉത്പന്നങ്ങളുടെ വിപണനം നടത്തിവന്ന ശോഭ വിശ്വനാഥാണ് മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തന്നെ കുടുക്കിയവരുടെ ചതിപ്രയോഗം വെളിച്ചത്ത് കൊണ്ടുവന്നത്.
ALSO READ: കൊവിഡിനെ തടവിലാക്കി, ജയിലുകൾ സമ്പൂർണ വാക്‌സിനേഷനിലേക്ക്
വിവാഹാഭ്യർഥന നിരാകരിച്ചതോടെയാണ് പ്രതി ഇവരുടെ സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ചുവച്ചത്. നാര്‍കോട്ടിക് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയതോടെ ശോഭ കേസിൽ പ്രതിയായി.
തുടർന്ന് ശോഭ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് സത്യം കണ്ടെത്തുകയായിരുന്നു.