തിരുവനന്തപുരം : നഷ്ടത്തിലാഴ്ന്നുകിടന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന്റെ ട്രാക്ക് റെക്കോര്‍ഡ് സ്വന്തമായുള്ള കേരള കേഡര്‍ ഐ.പി.എസ് ഉദ്യാേഗസ്ഥനും എ.ഡി.ജി.പിയുമായ യോഗഷ് ഗുപ്തയ്ക്ക് വീണ്ടും രാഷ്ട്രപതിയുടെ അംഗീകാരം.
ഇത് നാലാം തവണയാണ് വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ യോഗേഷ് ഗുപ്തയെ തേടിയെത്തുന്നത്. പരമാവധി നാലുതവണ മാത്രമേ രാഷ്ട്രപതിയുടെ ഈ അംഗീകാരം ഒരേ വ്യക്തിക്ക് നല്‍കാവൂ എന്ന വ്യവസ്ഥയുള്ളതിനാല്‍ ഈ ഇനത്തില്‍ അദ്ദേഹത്തിനുള്ള അവസാന മെഡലാണിത്.
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റില്‍ ഏഴുവര്‍ഷം നടത്തിയ സേവനമികവ് പരിഗണിച്ചാണ് ഗുപ്തയ്ക്ക് ഇത്തവണ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
ഇന്ത്യയെ പിടിച്ചുലച്ച നിക്ഷേപ തട്ടിപ്പ് കേസുകളായ റോസ് വാലി, ശാരദാ ചിട്ടിഫണ്ട്, സീ ഷോര്‍, ബേസില്‍ ഇന്റര്‍നാഷണല്‍, ആര്‍ത്ഥത്വ എം.പിസ് ഗ്രീനറി, ഫൈന്‍ ഇന്‍ഡി സെയില്‍സ് തുടങ്ങിയ നിരവധി തട്ടിപ്പുകേസുകള്‍ അന്വേഷിച്ച ഗുപ്ത 7000 കോടി രൂപയാണ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്.
also read:ഒളിമ്പ്യന്മാര്‍ രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തിയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്
ഇതിനുപുറമെ നിക്ഷേപ തട്ടിപ്പ് കേസുകളില്‍ അനിതര സാധാരണ വൈഭവമാണ് യോഗേഷ് ഗുപ്ത പ്രകടിപ്പിച്ചത്. കൊല്‍ക്കത്ത മൃഗശാലയുമായി ബന്ധപ്പെട്ട് മൃഗവേട്ടക്കേസ് അന്വേഷണം യോഗേഷ് ഗുപ്തയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ്.
സി.ബി.ഐയില്‍ അന്വഷണ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കെയാണ് കുപ്രസിദ്ധിയാര്‍ജിച്ചിച്ച ഖേതന്‍ പരേഖ് ഓഹരി തട്ടിപ്പ് കേസ് അന്വേഷിച്ച് കുറ്റക്കാരെ ജയിലിടച്ചത്.
സംസ്ഥാനത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗുപ്തയുടെ പ്രവര്‍ത്തന മികവില്‍ ലാഭത്തിലേക്ക് കുതിച്ചതും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ഈ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തന മികവിന്റെ തെളിവാണ്.
2007ല്‍ സപ്ലൈക്കോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സര്‍ക്കാര്‍ നിയമിക്കുമ്പോള്‍ സ്ഥാപനം 600 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു.
2012ല്‍ സപ്ലൈക്കോയില്‍ നിന്ന് കെ.എഫ്.സി സി.എം.ഡിയായി മാറുമ്പോള്‍ കമ്പനി 100 കോടിയിലധികം ലാഭത്തിലുള്ള സ്ഥാപനമായി മാറിക്കഴിഞ്ഞു.
നഷ്ടത്തില്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കെ.എഫ്.സിയെ രണ്ടുവര്‍ഷം കൊണ്ട് 200 കോടി ലാഭത്തിലുള്ള സ്ഥാപനമാക്കി മാറ്റിയെങ്കിലും ധനമന്ത്രി കെ.എം.മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു.
തിരുവനന്തപുരം, കൊല്ലം റൂറല്‍ ജില്ല പൊലീസ് മേധാവി, ആംഡ് പൊലീസ് ഐ.ജി, ക്രൈംബ്രാഞ്ച് ഐ.ജി, ഐ.ജി ഇന്റലിജന്‍സ്, ഐ.ജി റോഡ് സേഫ്‌റ്റി എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് 2014ല്‍ ഇ.ഡിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായി ഈ മുംബൈ സ്വദേശി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെവ്റേജസ് കോര്‍പ്പറേഷന്‍ എം.ഡിയായിരിക്കേ മദ്യം വാങ്ങുന്നതിലെ അഴിമതി അവസാനിപ്പിച്ച ഗുപ്തയെ, കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അവിടെ നിയോഗിച്ചിരിക്കുകയാണ്.