പിണറായി വിജയൻ, വിഡി സതീശൻ, അയിഷ സുൽത്താന, സാബു എം.ജേക്കബ്, ജോജു ജോർജ്... പോയ വർഷം മലയാളികള്‍ ചർച്ച ചെയ്ത പേരുകള്‍ നിരവധിയാണ്. 2021ൽ മലയാളികളുടെ മുന്നിൽ ഇടം പിടിച്ച വാർത്ത താരങ്ങളിലൂടെ ഒരിക്കൽ കൂടി കണ്ണോടിക്കാം.
പിണറായി വിജയൻ
അക്ഷരാർഥത്തിൽ പിണറായി കൊടുങ്കാറ്റ് തന്നെയാണ് 2021 ന്‍റെ ആദ്യ നാളുകളിൽ രാഷ്ട്രീയ കേരളം കണ്ടത്. യുഡിഎഫ് നിഷ്പ്രഭമായ നിയമസഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ അമരക്കാരൻ. കേരള ചരിത്രത്തിൽ തന്നെ തുടർ ഭരണം സ്വന്തമാക്കിയ ആദ്യ മുഖ്യമന്ത്രി. രാജ്യത്ത് ഒരേ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയിൽ ദേശീയ തലത്തിലും പിണറായി വിജയൻ ശ്രദ്ധ നേടി.
പാർട്ടി സംഘടന രംഗത്ത് പിണറായിക്കുള്ള ആധികാരികതയും മറ്റാർക്കും അവകാശപ്പെടാനില്ലാതതാണ്. മുട്ടിൽ മരം മുറി മുതൽ കെ റെയിൽ വരെ 2021 ൽ സർക്കാർ നേരിട്ട എല്ലാ ആരോപണങ്ങളേയും പ്രതിരോധിക്കാൻ എൽഡിഎഫിന് മുന്നിലുള്ളതും പിണറായി കരുത്ത് തന്നെ.
വിഡി സതീശൻ
ഒന്നാം പിണറായി സർക്കാരിന് മുന്നിൽ കോണ്ഗ്രസ് നയിച്ച പ്രതിപക്ഷം പാടെ പരാജയമായതോടെയാണ് എൽഡിഎഫ് തുടർഭരണം നേടിയത്. ഇതോടെയാണ് പ്രതിപക്ഷത്തിന്‍റെ അമരത്തേക്ക് വിഡി സതീശന്‍റെ പേരെത്തിയത്. പാളയത്തിൽ പൊട്ടിതെറികള്‍ ഉണ്ടായെങ്കിലും എതിർപ്പുകളെയെല്ലാം മറികടന്ന് ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി കിട്ടിയ നേതാവ്. വിവാദ വിഷയങ്ങളിലെല്ലാം സർക്കാരിനെ പ്രതികൂട്ടിലാക്കാൻ വിഡിയുടെ പ്രതിപക്ഷത്തിനാകുന്നുണ്ട്.
നിയമസഭാപ്രസംഗങ്ങളിലെ അസാമാന്യപാടവവും, നിലപാടുകളിലെ കണിശതയും വിഡിയെ അണികള്‍ക്ക് പ്രിയപ്പെട്ട നേതാവാക്കുന്നു. വിമർശനങ്ങള്‍ മാത്രം ഉന്നയിക്കാതെ സർക്കാരിന് പിന്തുണകളും നൽകുന്ന വിഡിയുടെ പ്രതിപക്ഷവും പോയ വർഷം കയ്യടി നേടി.
കെകെ ശൈലജ
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഏറ്റവും ജനശ്രദ്ധ നേടിയ മന്ത്രി. ആരോഗ്യ മേഖലയിൽ കെകെ ശൈലജ നടത്തിയ ഇടപടലുകളെല്ലാം രാഷ്ട്രീയം മറന്ന് കേരളം ഏറ്റെടുത്തിരുന്നു. തുടർഭരണം ഉണ്ടായാൽ ആരോഗ്യ മേഖലയുടെ അമരത്ത് ആരെന്നതും രാഷ്ട്രീയ കേരളത്തിന് തർക്ക രഹിതമായ വസ്‌തുതയായിരുന്നു.
അതുകൊണ്ട് തന്നെ രണ്ടാം പിണാറായി സർക്കാരിൽ െകകെ ശൈലജയുടെ അസാന്നിധ്യം അത്രമേൽ അതിശയത്തോടെയാണ് കേരളം കണ്ടത്. പ്രതിപക്ഷമടക്കമുള്ളവർ വിഷയത്തിൽ പരിഹാസവുമായി രംഗത്തെത്തി. പാർട്ടി അണികള്‍ക്കിടയിൽ പ്രതിഷേധവും വിഭിന്ന അഭിപ്രായങ്ങളും ഉടലെടുത്തതോടെ വീണ്ടും കെകെ ശൈലജ വാർത്തകളിൽ നിറഞ്ഞു.
അയിഷ സുൽത്താന
ലക്ഷദ്വീപ് ഭരണകൂടത്തെ വിമര്‍ശിച്ചതിന് രാജ്യദ്രോഹക്കേസ് നേരിടുന്ന ചലചിത്ര പ്രവർത്തക. ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നടപടികളിൽ ശക്തമായ എതിർപ്പുമായി എത്തിയതോടെയാണ് അയിഷ സുൽത്താന വാർത്തകളിൽ ഇടം പിടിക്കുന്നത്.
കേസുകള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടായപ്പോഴും ഉറച്ചനിലപാടുകളുമായി അയിഷ ദ്വീപ് ജനതയുടെ ശബ്‌ദമായി.
സാബു എം.ജേക്കബ്
2021ൽ കേരളം ഏറ്റവും അധികം ചർച്ച ചെയ്ത വ്യവസായിയാണ് കിറ്റെക്സ് ഗ്രൂപ്പ് എം.ഡി സാബു.എം.ജേക്കബ്. സംസ്ഥാനം നിഷേപ സൗഹൃദമല്ലന്ന ആക്ഷേപമുന്നയിച്ച് തെലങ്കാനയിലേക്ക് ചേക്കേറ്റം. തെലങ്കാനയിൽ 2400 കോടി നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം പിടിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ മത്സരിച്ച ട്വന്‍റി-20 രാഷ്ട്രീയ പാർട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയാണ് സാബു.എം.ജേക്കബ്.
കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതോടെ 2021 ന്‍റെ അവാസന നാളുകളിലും വിവാദങ്ങളിൽ വാർത്തകളിലും നിറഞ്ഞു നിലക്കുകയാണ് സാബു.എം.ജേക്കബ്.
അനുപമ
ദത്തുനൽകപ്പെട്ട കുഞ്ഞിന് വേണ്ടി നടത്തിയ ഉറച്ച സമരമാണ് തിരുവനന്തപുരം സ്വദേശി അനുപമയെ വാർത്തകളിൽ നിറച്ചത്. സമ്മതമില്ലാതെ അച്ഛൻ വേർപ്പെടുത്തിയ മകള്‍ക്കായി അനുപമ നടത്തിയത് സന്ധിയില്ലാത്ത പേരാട്ടം. നീതി നിഷേധിച്ച സർക്കാരിനും, പാർട്ടിക്കുമെതിരെ മുൻ എസ്.എഫ്.ഐ പ്രവര്‍ത്തക കൂടിയായ അനുപമ നടത്തിയ നിയമ പോരാട്ടങ്ങള്‍ രാഷ്ടീയ കേരളം ഏറ്റെടുത്തു.
ആന്ധ്ര സ്വദേശികളിൽ നിന്ന് കുട്ടിയെ തിരിച്ച് ലഭിച്ചത് അനുപമയുടെ ഉറച്ച പോരാട്ടങ്ങളുടെ വിജയമായി.
കെ സുധാകരൻ
എൽഡിഎഫിന്‍റെ ചുവപ്പൻ കോട്ടയായ കണ്ണൂരിൽ തന്‍റേടം കൊണ്ട് മാത്രം കോണ്‍ഗ്രസിനെ കൈപിടിച്ചുയർത്തിയ നേതാവ്. ഗ്രൂപ്പുകളെയെല്ലാം വെട്ടിനിരത്തിയാണ് സുധാകരൻ കെ.പി.സി.സി അധ്യക്ഷ പദവിയിലെത്തിയത്. പരസ്യമായും രഹസ്യമായും പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്ന ഒളിയമ്പുകളെയെല്ലാം കൃത്യമായി പ്രതിരോധിക്കാൻ സുധാകരനായി.
മുതിർന്ന തലകള്‍ക്ക് എന്നും പാർട്ടിക്ക് മുകളിൽ സ്ഥാനമുള്ള കോണ്‍ഗ്രസിൽ പാർട്ടിയാണ് മുഖ്യം എന്ന നിലപാട് നടപ്പാക്കാൻ സുധാകരനായി. ഒരടി പിൻമാറാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തരം നടത്തിയ പോർവിളികള്‍ പോയ വർഷം കേരളം ചർച്ച ചെയ്തതാണ്. തട്ടിപ്പ് വീരൻ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരിൽ വിവാദങ്ങളും വിടാതെ പിന്തുടർന്നു.
പിആർ ശ്രീജേഷ്
കേരളം ഇത്തവണ ഏറ്റവും അധികം ചർച്ചചെയത മലയാളി കായിക താരം. 49 വര്‍ഷത്തിനു ശേഷം ഒളിംപിക്സ് മെഡല്‍ നേടുന്ന മലയാളിയായി പി ആർ ശ്രീജേഷ് കേരളത്തിന് അഭിമാനമായി. ഒളിംപിക്സില്‍ ഹോക്കി ടീം വെങ്കലം സ്വന്തമാക്കിയതോടെയായിരുന്നു നേട്ടം.
ഖേല്‍ രത്ന പുരസ്കാരത്തിനും അർഹനായി. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്‍റെ പുരസ്കാരവും ശ്രീജേഷിനെ തേടിയെത്തി.
പുഷ്‌പലത
ഏഴര മണിക്കൂർ കൊണ്ട് 893 പേർക്ക് വാക്സിൻ നൽകിയതോടെയാണ് പുഷ്പലത എന്ന പേര് വാർത്തകളിൽ ഇടം പിടിച്ചത്. ഇത്രയും അധികം പേർക്ക് ഒരാള്‍ വാക്സിൻ നൽകിയത് സംസ്ഥാന തലത്തിൽ തന്നെ ആദ്യം.
ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സാണ് കെ. പുഷ്പലത. വിവരമറിഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോർജ് നേരിട്ടെത്തി അഭിന്ദിച്ചത് പുഷ്പലതയ്ക്ക് അംഗീകരമായി.
പൃഥ്വിരാജ്
ലക്ഷദ്വീപ്, മുല്ലപ്പെരിയാർ വിഷയങ്ങളില്‍ പരസ്യ പ്രതികരണവുമായി എത്തിയതോടെയാണ് നടൻ പൃഥ്വിരാജ് വാർത്തകളിൽ ഇടം പിടിക്കുന്നത്. പൃഥ്വിരാജിന്‍റെ നിലപാടാണ് ലക്ഷദ്വീപ് വിഷയം ആദ്യം ദേശീയശ്രദ്ധയിലെത്തിച്ചത്. മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന പൃഥ്വിരാജിന്റെ പ്രസ്താവനയെ കേരളം ഏറ്റെടുത്തപ്പോള്‍ അതി വൈകാരികമായാണ് തമിഴ് ജനത പ്രതികരിച്ചത്. താരത്തിന്‍റെ കോലം ഉള്‍പ്പടെ കത്തിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തി.
പൃഥ്വിരാജ് ചിത്രങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകളും, സൈബർ ആക്രമണങ്ങളും താരം നേരിട്ടു. അതേ സമയം സംസ്ഥാനത്ത് വിഷയത്തിൽ ശക്തമായ പിന്തുണകളും പ്രതികരണങ്ങളും നേടിയെടുക്കാനും താരത്തിനായി.
ജോജു ജോർജ്
കോണ്‍ഗ്രസിന്‍റെ റോഡ് ഉപരോധത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചതോടെ ജോജു വാർത്തകളിൽ താരമായി.
സംഭവത്തിന് പിന്നാലെ പിന്തുണയും, വിമർശനങ്ങളും നേരിട്ടു. ചുരുളിയിലെ സംഭാഷണങ്ങളിലൂടെ ട്രോളുകളിലും, വാർത്തകളിലും നിറഞ്ഞു. മധുരം സിനിമയിലെ മികച്ച പ്രകടനത്തിലൂടെയും ശ്രദ്ധേയനായി.
ലിജോ ജോസ് പെല്ലിശേരി
പോയവർഷം മലയാളി ഏറ്റവും അധികം ചർച്ച ചെയത് ചലചിത്ര സംവിധായകൻ. ജെല്ലിക്കെട്ടിലൂടെ മലയാളിയെ ലോക ശ്രദ്ധയിലെത്തിച്ചു.
ചുരുളി എന്ന ചിത്രത്തിലെ വിവാദ സംഭാഷണങ്ങളാണ് ലിജോയെ 2021ൽ വാർത്തകളിൽ നിറച്ചത്. ചിത്രത്തിലെ സംഭാഷങ്ങള്‍ ഭൂഷണമോ എന്ന ചർച്ച മലയാളികള്‍ ഏറ്റെടുത്തതോടെ വാർത്തകളിലും ട്രോളുകളിലും ലിജോ നിറഞ്ഞു നിന്നു.