ഇന്ത്യന്‍ ടെലിവിഷനും വളര്‍ച്ചയും: 1959 സെപ്‌റ്റംബര്‍ 15 ന് ഡല്‍ഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയിലാണ് ഇന്ത്യന്‍ ടെലിവിഷന്‍റെ തുടക്കം, 'ദൂരദര്‍ശന്‍'. സംപ്രേഷണം തുടങ്ങിയെങ്കിലും റേഡിയോക്ക് മുകളിലൂടെയുള്ള വിജയമൊന്നും ആദ്യകാലത്ത് ടെലിവിഷന് അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല. 'ചിത്രഹാറും' 'സിനിമ'യുമൊക്കെ ദൂര്‍ദര്‍ശനില്‍ കാണാന്‍ കഴിയുന്നവര്‍ തന്നെ നന്നെ കുറവായിരുന്നു ഇന്ത്യയില്‍. പത്രവും റേഡിയോയും തന്നെയായിരുന്നു ആശ്രയം. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മരണം ടെലിവിഷന്‍റെ പ്രാധാന്യം ഇന്ത്യയില്‍ ഉറപ്പിച്ചു.
1983- ല്‍ ഇന്ദിരാഗാന്ധിയുടെ സംസ്‌കാരച്ചടങ്ങ് ദൂരദര്‍ശന്‍ തത്സമയം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോലും എത്തിച്ചു. 'ഡയനോര'യും 'കെല്‍ട്രോണു'മൊക്കെ ബ്ലാക്ക് ആന്‍റ് വൈറ്റ് ടിവി സെറ്റുകള്‍ പലയിടത്തും എത്തിച്ചു. പിന്നീട് ഇതിഹാസങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സീരിയലുകളും കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികളും മറ്റ് കഥാ സീരിയലുമൊക്കെയായി ദൂരദര്‍ശന്‍ എല്ലാ സംസ്ഥാനങ്ങളിലും കളം പിടിച്ചു. തൊണ്ണൂറുകളില്‍ രാജ്യം സ്വീകരിച്ച ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി സ്വകാര്യ ചാനലുകള്‍ ഇവിടെ പിറന്നു. ദൂരദര്‍ശന്‍റെ പ്രാധാന്യം ക്രമേണ കുറയുകയും ചെയ്‌തു.
ലോക ടെലിവിഷന്‍ ദിനത്തിന്‍റെ തുടക്കം: 1966 ഡിസംബര്‍ 17 ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്‌ളി ഒരു പ്രമേയത്തിലൂടെയാണ് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇക്കാര്യത്തില്‍ ജര്‍മനി അന്നേ എതിര്‍പ്പ് പ്രഖ്യാപിച്ചു. സമാന സ്വഭാവമുള്ള മൂന്ന് നാല് ദിനങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജര്‍മ്മനിയുടെ എതിര്‍പ്പ്. എന്നാല്‍ മിക്ക അംഗ രാജ്യങ്ങളും നവംബര്‍ 21 ടെലിവിഷന്‍ ദിനമായി ആചരിക്കുന്നുണ്ട്.
മാറിയ കാലവും ടെലിവിഷനും: കൈവശം ഒരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ എന്തും ആകാം, എന്തും കാണാം, എന്തും അറിയാം, എന്തും അറിയിക്കാം എന്ന തരത്തിലേക്ക് ലോകം വികസിച്ചു, അല്ലെങ്കില്‍ ലോകം പോക്കറ്റുകളിലേക്ക് ചുരുങ്ങി. ഈ പശ്ചാത്തലത്തില്‍ ടെലിവിഷന്‍റെ സാധ്യതകള്‍ തകിടം മറിഞ്ഞുവോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. ലോകത്തെ അത്രമേല്‍ അടുപ്പിച്ചിരുന്ന ടെലിവിഷന്‍, മൊബൈല്‍ ഫോണിലേക്ക് പറിച്ചു നടപ്പെട്ടുവോ എന്ന് ചിന്തിക്കുകയായവും അഭികാമ്യം. വിരല്‍ തുമ്പിലാണ് ഈ ലോകം കിടന്ന് 'ചുറ്റാച്ചുറ്റ്' ചുറ്റുന്നത്. എന്തിനും ഏതിനും ഫോണില്‍ പരിഹാരമുണ്ട്. ഇന്‍റര്‍നെറ്റും നവീന സാങ്കേതിക രംഗത്തെ വികസനവുമൊക്കെ പത്രം, ടിവി, റേഡിയോ എന്നിങ്ങനെയുള്ള പരമ്പരാഗത മാധ്യമങ്ങളുടെ പ്രസക്തിയെ ചെറുതല്ലാത്ത വിധം ബാധിച്ചിട്ടുണ്ട്.
റേഡിയോ ജനകീയമായതുപോലെ ഇനിയൊരു മാധ്യമത്തിനും അത്രകണ്ട് ജനകീയമാകാനോ സൗജന്യമാകാനോ കഴിയുകയില്ലെന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ട് മാത്രമെ ടെലിവിഷന്‍ കാലത്തെ അടയാളപ്പെടുത്താന്‍ കഴിയുകയുള്ളു.കാരാണം റേഡിയോയും ടിവിയുമൊക്കെ നാടാകെ അടക്കിവാഴാന്‍ തുടങ്ങിയ കാലത്ത് തലങ്ങും വിലങ്ങും സാംസ്കാരിക വേഷധാരികള്‍ പാടി നടന്നതാണ് പത്രവും പാത്രപാരായണവും വായനയുമൊക്കെ മരിച്ചുവെന്ന്. പക്ഷെ സംഭവിച്ചത് മറിച്ചാണ്, വായനയ്‌ക്കോ പത്രങ്ങള്‍ക്കോ കാര്യമായ ക്ഷതം നാളിതുവരെ ടിവി, റേഡിയോ എന്നിവ വരുത്തിയിട്ടില്ല. പിന്നെന്തിനാണ് ഈ നുണപറച്ചില്‍. ഇത്തരത്തിലുള്ള പ്രചരണം എല്ലാക്കാലത്തും തുടര്‍ന്ന് കൊണ്ടിരിക്കും. ടെലിവിഷന്‍റെ കാര്യത്തിലും ഇതേ മാതൃകയിലുള്ള പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഈ കാലത്തും വാര്‍ത്തയുടെ ആധികാരികത ഉറപ്പിക്കാന്‍ പൊതുജനം ആദ്യം ആശ്രയിക്കുന്നത് ടെലിവിഷനെ തന്നെയാണ്.
വീഡിയോ കാണാന്‍ ലാപ്‌ടോപ്പും, ടാബ് ലെറ്റും, മൊബൈല്‍ ഫോണുമെല്ലാം ഉപേയാഗിക്കപ്പെടുന്നുണ്ടെങ്കിലും, വീഡിയോ ഉപഭോഗത്തിന് ഭൂരിഭാഗം ജനങ്ങളും ഇന്നും ആശ്രയിക്കുന്നത് ടെലിവിഷനെത്തന്നെയാണെന്ന് ചുരക്കം. ഇക്കാലത്തും വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും വിജ്ഞാനത്തിനും ടെലിവിഷനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി എന്നതാണ് വസ്തുത. മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ടെലിവിഷന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ടെലിവിഷന്‍ ദിനത്തില്‍ ഓര്‍ക്കേണ്ടത്: ടെലിവിഷന്‍റെ കടന്നുവരവിനു പിന്നില്‍ നിരവധി പേരുടെ ബുദ്ധിയും അധ്വാനവുമുണ്ട്. വ്‌ലാദിമിര്‍ കെ സ്വരികിന്‍, പോള്‍ നിപ്‌കോവ്, ചാള്‍സ് ഫ്രാന്‍സിസ് ജെങ്കിന്‍സ്, ഫിലോ ടി ഫാന്‍സ്വാര്‍ത്ത് എന്നിവര്‍ അവരില്‍ പ്രധാനികളാണ്.
2023ല്‍ ടിവിയുള്ള വീടുകളുടെ എണ്ണം 1.74 ബില്ല്യണ്‍ ആയി ഉയരുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ 234 രാജ്യങ്ങളിലായി എണ്‍പതിനായിരത്തോളം ടെലിവിഷന്‍ ചാനലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. മലയാളത്തില്‍ രണ്ട് ഡസനോളം ചാനലുകള്‍ സജീവമാണ്. കേബിള്‍ ചാനകളുടെ കണക്ക് എടുത്താല്‍ ആയിരത്തോളം ചാനലുകള്‍ കേരളത്തിലുണ്ട്. അതേസമയം കഴിഞ്ഞ 5 വര്‍ഷത്തിനിടെ 204 സ്വകാര്യ ചാനലുകള്‍ ലോകമാകെ പ്രവര്‍ത്തനം നിറുത്തിയിട്ടുണ്ട്. നമ്മുടെ 'ഇന്ത്യാവിഷ'നൊക്കെ ആ ഗണത്തില്‍പ്പെടുത്താം.
ടെലിവിഷന്‍ ദിനം എന്തിനാണ്?
മാറിവരുന്ന സാങ്കേതിക വിദ്യകളുടെയും ലോക പുരോഗതിയുടെയും അമരത്ത് ടെലിവിഷനുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടെലിവിഷന്‍ ദിനത്തില്‍ ടെലിവിഷന്‍റെ സമൂഹിക പ്രാധാന്യവും ലക്ഷ്യവും ഒരിക്കല്‍ കൂടി ഓര്‍മിക്കപ്പെടുന്നുണ്ട്. 'ടെലിവിഷന്‍ സംസ്‌കാരം' എന്ന് കളിയാക്കിയെങ്കിലും മലയാളി പ്രയോഗിക്കുന്ന സാംസ്‌കാരിക കാപട്യം തിരുത്തപ്പെടണമെങ്കില്‍ ടെലിവിഷന്‍ പ്രേക്ഷകരല്ല അണിയറക്കാരാണ് ശരിദൂരം പാലിച്ച് മാറേണ്ടതെന്ന സന്ദേശവും ഈ ദിനം പങ്കുവയ്ക്കുന്നുണ്ട് .