തിരുവനന്തപുരം: സംസ്ഥാനത്തെ വർക് ഷോപ്പുകൾ തുറക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തിറക്കി. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ വർക്ക് ഷോപ്പുകൾ തുറന്നുപ്രവർത്തിക്കും. നിയന്ത്രണത്തിന്‍റെ ഭാഗമായി പരമാവധി എട്ട് ടെക്‌നീഷ്യന്മാർ മാത്രമേ വർക് ഷോപ്പുകളിൽ ജോലിയെടുക്കാൻ പാടുള്ളൂ. ഞായർ, വ്യാഴം ദിവസങ്ങളിലാകും വർക്ക് ഷോപ്പുകൾ തുറക്കുക. ജീവനക്കാരുടെ ഇൻഷുറസ് ക്ലെയിമിന്‍റെ കാര്യത്തിൽ വർക് ഷോപ്പുകൾക്ക് തീരുമാനമെടുക്കാം.
ട്രക്കുകളും ഇരുചക്രവാഹനങ്ങളുമടക്കം റിപ്പയർ ചെയ്യുന്ന വർക്ക് ഷോപ്പുകളെ നാല് കാറ്റഗറികളായി തിരിച്ചാണ് സർക്കാർ മാനദണ്ഡം പുറത്തിറക്കിയത്. കാറ്റഗറി എ വിഭാഗത്തിൽ പരമാവധി എട്ട് ടെക്‌നീഷ്യന്മാർക്ക് ജോലി ചെയ്യാം. കാറ്റഗറി ഡിയിലുള്ള വർക് ഷോപ്പുകളിൽ ഒരാൾ മാത്രമേ പാടുള്ളൂവെന്നാണ് നിർദേശം. റോഡുകളിൽ വാഹനം കേടായ സ്ഥലങ്ങളിലെത്തി റിപ്പയർ ചെയ്യുന്നവർക്കും ടയർ മാറ്റുക, പഞ്ചർ സർവീസ് എന്നിവർക്കും മുഴുവൻ സമയവും പ്രവൃത്തിക്കാം. അടിയന്തരാവശ്യമെന്ന നിലയിലാണ് ഇവർക്ക് മുഴുവൻ സമയവും പ്രവര്‍ത്തിക്കാനാകുക. വാഹനങ്ങളുടെ സ്പെയർ പാർട്‌സ്, എഞ്ചിൻ ഓയിൽ എന്നിവ വിൽക്കുന്ന ഷോപ്പുകൾ രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം. എന്നാൽ ജീവനക്കാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ പാലിക്കണം. വർക്ക് ഷോപ്പുകൾക്ക് ആഴ്‌ചയിൽ രണ്ട് ദിവസം ഇളവ് നൽകാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വർക് ഷോപ്പുകൾ തുറക്കുന്നതിലെ മാനദണ്ഡങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.