തിരുവനന്തപുരം: കമ്പിയിൽ സാരിചുറ്റി മതിലിൽ ചാരിയാണ് ജയിൽ ചാടിയതെന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് തടവുചാടിയ ശിൽപ്പയും സന്ധ്യയും പൊലീസിനോട് വെളിപ്പെടുത്തി. ഇവർക്ക് സഹതടവുകാരിയുടെ സഹായം ലഭിച്ചതായും വ്യക്തമായിട്ടുണ്ട്. ഇരുവരെയും തെളിവെടുപ്പിനായി അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിച്ചു. പാലോട് ശിൽപ്പയുടെ വീട് സ്ഥിതി ചെയ്യുന്ന കോളനിയിൽ നിന്ന് ഇന്നലെ രാത്രി പാലോട് പൊലീസും പാങ്ങോട് പൊലീസും ചേർന്നാണ് ശിൽപ്പയെയും സന്ധ്യയെയും പിടികൂടിയത്.
ജയിൽ ചാടിയതിന് ശേഷം ഓട്ടോയിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോയ യുവതികൾ അവിടെ നിന്ന് ഭിക്ഷ ചോദിച്ച് പണം ശേഖരിച്ചു. തുടർന്ന് വർക്കല കാപ്പിൽ റെയിൽവേ സ്‌റ്റേഷനിലെത്തി രാത്രി ചെലവഴിച്ചു. സ്‌റ്റേഷൻ മാസ്റ്റർ ഇവരെ തിരിച്ചറിഞ്ഞതായി സംശയം തോന്നിയപ്പോൾ ഓട്ടോയിൽ അയിരൂരിലേക്ക് പോയി. ഇതിനിടെ ഓട്ടോ ഡ്രൈവറുടെ മൊബൈൽ വാങ്ങി യുവതികളിലൊരാളുടെ കാമുകനായ രാഹുലിനെ വിളിച്ചു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ യുവതികൾ ഇറങ്ങിയ ശേഷം രാഹുലിന്‍റെ ഫോണിലേക്ക് വീണ്ടും വിളിച്ചപ്പോൾ തടവ് ചാടിയ യുവതികളാണെന്ന് അയാൾ വെളിപ്പെടുത്തി. ഓട്ടോ ഡ്രൈവർ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പാരിപ്പള്ളിയിലെ യൂസ്‌ഡ് ബൈക്ക് വിൽപ്പന കേന്ദ്രത്തിൽ എത്തിയ യുവതികൾ ഓടിച്ചു നോക്കാനെന്ന വ്യാജേന ഇവിടെ നിന്ന് എടുത്ത സ്‌കൂട്ടറിൽ കടന്നു. ബൈക്ക് വിൽപ്പനക്കാർ അറിയിച്ചതിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. കാമുകൻ രാഹുലിനെ ചോദ്യം ചെയ്‌തപ്പോൾ യുവതികൾ പാലോടുള്ള ശിൽപ്പയുടെ വീട്ടിലെത്തുമെന്ന് ധാരണ ലഭിച്ചു. ഇതിനിടെ ശിൽപ്പയെ പരിചയമുള്ള പാലോട് സ്വദേശി ഇവരെ കണ്ടതായി പാലോട് പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് പാലോട് പൊലീസും പാങ്ങോട് പൊലീസും ചേർന്ന് കോളനിയിലെത്തി ഇരുവരെയും സ്‌കൂട്ടറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്‌ടിച്ച വാഹനത്തിന്‍റെ നമ്പറിൽ ഇവർ മാറ്റം വരുത്തിയിരുന്നു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ആർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് ശേഷം ഇരുവരെയും തെളിവെടുപ്പിനായി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോയി. റൂറൽ, സിറ്റി ഷാഡോ സംഘവും ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് യുവതികൾക്കായി അന്വേഷണം നടത്തിയത്.