തിരുവനന്തപുരം: നിക്ഷേപകരുടെ പണം തട്ടിയെടുത്ത പോസ്റ്റ് ഓഫിസ് വനിത ഏജന്‍റിന് മൂന്ന് വര്‍ഷം തടവും 6,25,000 രൂപ പിഴയും. കുളനട പോസ്റ്റ് ഓഫിസ് ഏജന്‍റ് മംഗളത്ത് വീട്ടില്‍ പി ജി സരളകുമാരിക്കാണ് തിരുവനന്തപുരം വിജിലൻസ് സ്‌പെഷൽ ജഡ്‌ജി ഗോപകുമാർ ശിക്ഷ വിധിച്ചത്. ആർ ഡി നിക്ഷേപകരുടെ (Monthly Recurring Deposit) പണമാണ് സരളകുമാരി അപഹരിച്ചത്.
കുളനട ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസ് മുഖേനെ കുളനട പോസ്റ്റ് ഓഫിസിലേക്ക് നിക്ഷേപകരിൽ നിന്നും മാസം നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കാനായി 1989 മുതല്‍ വനിത ഏജന്‍റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സരളകുമാരി. 2005ല്‍ ചില നിക്ഷേപകര്‍ പണം നല്‍കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു.
തുടര്‍ന്ന് ഡെവലപ്മെന്‍റ് ഓഫിസര്‍ നിക്ഷേപകരെ നേരിട്ട് കണ്ട് അന്വേഷിച്ചപ്പോഴാണ് പണം അപഹരിക്കപ്പെട്ട വിവരം പുറത്തുവന്നത്. നിക്ഷേപകര്‍ നല്‍കിയ അര ലക്ഷത്തിലേറെ രൂപ ഏജന്‍റായ സരളകുമാരി അപഹരിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പന്തളം പൊലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.
അപഹരിക്കപ്പെട്ട തുകയുടെ വ്യാപ്‌തി കണക്കിലെടുത്ത് കേസിന്‍റെ അന്വേഷണം വിജിലന്‍സിന് കൈമാറുകയായിരുന്നു. പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്‌പി സി പി ഗോപകുമാറിനായിയിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തില്‍ 34 നിക്ഷേപകരില്‍ നിന്ന് 2000 മുതല്‍ 2005 വരെയുള്ള കാലയളവില്‍ സ്വീകരിച്ച മാസ നിക്ഷേപ തുകയില്‍ നിന്ന് 1, 58,100 രൂപ പോസ്റ്റ് ഓഫിസില്‍ ഒടുക്കാതെ സരളകുമാരി അപഹരിച്ചു എന്നതിന് രേഖകള്‍ ലഭിച്ചു.
വിജിലൻസിനു വേണ്ടി കുറ്റപത്രം സമർപ്പിച്ചത് പത്തനംതിട്ട ഡിവൈഎസ്‌പി ബേബി ചാള്‍സ് ആണ്. 2011 മുതല്‍ 2016 വരെ ആറ് കുറ്റപത്രങ്ങളാണ് പ്രതിക്കെതിരെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പണം നഷ്‌ടമായ നിക്ഷേപകര്‍ കോടതിയില്‍ ഹാജരായി വിവരങ്ങള്‍ നല്‍കി.
പ്രതിക്ക് എതിരെ സമര്‍പ്പിച്ച കുറ്റപത്രങ്ങളിൽ ഉള്ള ആറ് കേസിലും അഴിമതി നിരോധന നിയമത്തിലെ 13(1)(ഡി) ആന്‍റ് (സി) പ്രകാരവും 409 ഐപിസി പ്രകാരവും ഉള്ള കുറ്റം ചെയ്‌തതായി കണ്ടാണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്‌ണൻ എസ് ചെറുന്നിയൂർ വിജിലൻസിന് വേണ്ടി ഹാജരായി.