തിരുവനന്തപുരം : ആൺ സുഹൃത്തുമായി ഹോട്ടലിൽ എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌ത കേസില്‍ മറ്റൊരു സുഹൃത്ത് പിടിയിൽ. ആറ്റിങ്ങല്‍ അവനവന്‍ ചേരി സ്വദേശി കിരണാണ് (25) അറസ്റ്റിലായത്. കഴക്കൂട്ടം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
മുന്‍പ് അഗ്രോ സെന്‍ററിലെ ജീവനക്കാരനായിരുന്നു അറസ്റ്റിലായ കിരണ്‍. കിരണുമായി നേരത്തെ പരിചയം ഉള്ള യുവതി ശനിയാഴ്‌ച രാത്രി പത്ത് മണിയോടെ മറ്റൊരു ആൺ സുഹൃത്തുമായി ടെക്‌നോപാർക്കിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി. ഇതറിഞ്ഞ കിരൺ അവിടെയെത്തുകയും മർദിച്ച ശേഷം യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആദ്യം യുവതി ബൈക്കിൽ കയറാൻ തയ്യാറായില്ല. എന്നാൽ ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരൺ യുവതിയോട് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുവിടാം എന്ന വ്യാജേന യുവതിയെ തൻ്റെ ബൈക്കിൽ കയറ്റി മേനംകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് കിരൺ വീണ്ടും യുവതിയെ മർദിക്കുകയും ചെയ്‌തു.
പിന്നീട് ഇന്ന് (25.6.23) പുലര്‍ച്ചെ ഒന്നരയോടെ വെട്ടുറോഡുള്ള കൃഷിഭവന്‍റെ ഗോഡൗണിൽ കൊണ്ടുപോയി പുലർച്ചെ അഞ്ച് മണി വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പൊലീസ് അറിയിച്ചത്. മർദനവും പീഡനവും മൊബൈൽ ഫോണിൽ ചിത്രീകരിച്ച പ്രതി യുവതിയെ വിവസ്‌ത്രയാക്കി ഗോഡൗണില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെ യുവതി വിവസ്‌ത്രയായി ഗോഡൗണിന് സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ഥിച്ച് എത്തി. പിന്നീട് പുലര്‍ച്ചെ ആറ് മണിയോടെ പരിസരവാസികള്‍ യുവതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ്, ബലാത്സംഗം നടന്ന കഴക്കൂട്ടത്തെ ഗോഡൗണിന് സമീപത്ത് നിന്നുതന്നെ കിരണിനെ അറസ്റ്റ് ചെയ്‌തു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ നിലവില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പൊലീസ് കഴക്കൂട്ടത്തെ തന്നെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായെന്ന് മനസിലാക്കിയതോടെ വിദഗ്‌ധ ചികത്സക്ക് എസ് എ ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവതിയും കിരണും തമ്മില്‍ ദീര്‍ഘനാളായി പരിചയത്തിലായിരുന്നുവെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. അറസ്റ്റിലായ കിരണിനെ നാളെ കോടതിയില്‍ ഹാജരാക്കും. കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മിഷണർ പൃഥ്വിരാജിന്‍റെ നേതൃത്വത്തിൽ എസ് എച്ച് ഒ അജിത് കുമാർ, എസ് ഐ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.