തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവം. സര്‍ക്കാരിന്‍റെ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അദ്ദേഹം വേദി പങ്കിടാനൊരുങ്ങുന്നത് ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയുമാണ്.
കേരള സഹൃദയ വേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്കാരം ചെറിയാന്‍ ഫിലിപ്പിനാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കുന്നത്. മുന്‍പും വേദി പങ്കിട്ടിട്ടുണ്ടെങ്കിലും ചെറിയാൻ ഫിലിപ്പിന് ഉമ്മൻചാണ്ടി പുരസ്കാരം നൽകുന്നതും ആദരിക്കുന്നതും ഇതാദ്യമായാണ്. തിങ്കളാഴ്‌ച വൈകിട്ട് 4.30 ന് തിരുവനന്തപുരം നന്ദാവനത്തെ പാണക്കാട് ഹാളിലാണ് ചടങ്ങ്.
നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാൻ ഫിലിപ്പ് സിപിഎമ്മിൽ തഴയപ്പെട്ടതോടെ, മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ പഴയ തട്ടകത്തിലേക്ക് എത്തിക്കാനുള്ള ആലോചനകൾ തുടങ്ങിയിരുന്നു. അതിനിടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. നെതര്‍ലാന്‍ഡ് മാതൃക അവിടെ പോയി പഠിച്ച ശേഷം പിന്നീട് എന്തുസംഭവിച്ചെന്ന് ആര്‍ക്കുമറിയില്ലെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ വിമര്‍ശനം.
Also Read: പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ്
അതേസമയം ഇടഞ്ഞുനിൽക്കുന്ന ചെറിയാൻ ഫിലിപ്പിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമർശനവും ഉന്നയിച്ചു. അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റം ഉണ്ടാകുന്നതിൽ സംശയം പ്രകടിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്‍റെ പ്രളയ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചെറിയാന്‍ ഫിലിപ്പിന്‍റെ വിമര്‍ശനം എന്തിന്‍റെ ഭാഗമായാണെന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതിനിടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ചെറിയാൻ ഫിലിപ്പ് രംഗത്തെത്തി. 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന യൂട്യൂബ് ചാനൽ വഴി ജനുവരി ഒന്നുമുതൽ നയം വ്യക്തമാക്കുമെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഏത് വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും, അഴിമതി, വർഗീയത, ഏകാധിപത്യം എന്നിവയ്‌ക്കെതിരെ നിർഭയം പോരാടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.