തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതിൽ അച്ചടക്ക നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എസ്.എം ബാലു, എന്‍.എസ് നുസൂര്‍ എന്നിവരെ ദേശീയ നേതൃത്വം സസ്‌പെന്‍ഡ് ചെയ്‌തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍റെ അറസ്റ്റിലേക്കുനയിച്ച സംഭവത്തിലാണ് നടപടി.
വാട്‌സാപ്പ് ചാറ്റ് ചോര്‍ച്ചയ്ക്കുത്തരവാദികളെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കും സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് 6 മാസത്തേക്കാണ് വിലക്ക്. മുഖ്യമന്ത്രിയെ വിമാനത്തില്‍ കരിങ്കൊടി കാണിച്ചാല്‍ എങ്ങനെയിരിക്കും എന്ന ചര്‍ച്ചയുടെ സ്‌ക്രീന്‍ ഷോട്ടാണ് ചോർന്നത്. ഈ വിവരങ്ങൾ പുറത്തായത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.
മാത്രമല്ല, അതീവ രഹസ്യമായി നടന്ന ചര്‍ച്ച പുറത്തായത് യൂത്ത് കോണ്‍ഗ്രസിനും നാണക്കേടുണ്ടാക്കി. വാട്‌സാപ്പ് ചാറ്റ് പുറത്ത് വന്നതിനെ തുടര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തതിൽ ശബരീനാഥനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍വിട്ടിരുന്നു. ഇതോടെയാണ് വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ടവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായത്.
പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യുവ ചിന്തന്‍ ശിവിറില്‍ പങ്കെടുത്ത വനിതാനേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശംഭു പാല്‍ക്കുളങ്ങര സസ്‌പെന്‍ഷനിലായതും പുറത്തായതും യൂത്ത് കോണ്‍ഗ്രസിന് നാണക്കേടായിരുന്നു. ഈ വിവരവും പുറത്താക്കിയതിനുപിന്നില്‍ ബാലുവിനും നുസൂറിനും പങ്കുണ്ടെന്ന് സംശയമുയര്‍ന്നിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമില്ലാതാക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ തളരുന്നത്.