തിരുവനന്തപുരം : ലോകം അടുത്ത് അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പ്രവചിച്ചിരിക്കുന്ന മഹാമാരിയാണ് ഡിസീസ് എക്‌സ് (Disease X). കൊവിഡിനേക്കാൾ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന (World Health Organization) പറയുന്ന ഡിസീസ് എക്‌സിനെ കുറിച്ച് കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്‌ധൻ ഡോക്‌ടർ ടി.എസ്.അനീഷ് വ്യക്തമാക്കുന്നു.
എന്താണ് ഡിസീസ് എക്‌സ് ? : ലോകത്ത് റിപ്പോർട്ട് ചെയ്യാറുള്ള പുതിയ രോഗത്തിന് നൽകുന്ന പേരാണ് ഡിസീസ് എക്‌സ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗം ലോകാരോഗ്യസംഘടന അംഗീകരിക്കുന്നത് വരെ ഡിസീസ് എക്‌സ് എന്നാകും അറിയപ്പെടുക. പുതിയ രോഗം വൈറസ് മുഖേനയോ ഫംഗസ് മുഖേനയോ ബാക്‌ടീരിയ മുഖേനയോ പകരാം. ഇത് സംബന്ധിച്ചുള്ള ആധികാരിക പഠനം നടന്നിട്ടില്ല.
കൊവിഡിന് പിന്നാലെ തന്നെ ഒരു മഹാമാരി എത്താം എന്നത് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തലാണ്. അത് വലിയ രീതിയിൽ ഗുരുതരമാകും. രോഗ തീവ്രതയെ കുറിച്ച് പറയുമ്പോഴും എപ്പോൾ എവിടെ എന്നതിൽ വ്യക്തതയില്ല. ലോകത്തിന്‍റെ ഏത് ഭാഗത്ത് വേണമെങ്കിലും ഡിസീസ് എക്‌സ് റിപ്പോർട്ട് ചെയ്യാം. അതുകൊണ്ട് തന്നെ മാസ് വാക്‌സിനേഷൻ അടക്കം ഒരുക്കാനാണ് ഈ മുന്നറിയിപ്പുകൾ.
എന്തുകൊണ്ട് വീണ്ടും ഡിസീസ് എക്‌സ് : കൊവിഡ് തീർത്ത പ്രതിസന്ധി കാലം കഴിയുന്നതിന് മുമ്പ് തന്നെയാണ് പുതിയൊരു മുന്നറിയിപ്പ് വിദഗ്‌ധർ നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. മനുഷ്യ - മൃഗ സമ്പർക്കവും സംഘർഷവും ഏറി വരുന്നത് ഇതിന് ഒരു കാരണമാകാം. ഇപ്പോൾ വന്ന പല വൈറസുകളും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ്.
കൊവിഡ് പ്രഭവ കേന്ദ്രം വുഹാനിലെ ഒരു മാംസ ചന്തയെന്നാണ് റിപ്പോർട്ട്. നിലവിൽ കണ്ടെത്തിയതിനേക്കാൾ ദശലക്ഷം മടങ്ങ് വൈറസുകൾ ഉണ്ടെന്നാണ് കണക്ക് കൂട്ടൽ. ഇതിൽ ഏതെങ്കിലും വൈറസ് കാരണമാകാം പുതിയ മഹാമാരി. ഇത് കൃത്യമായി കണ്ടെത്തുന്നതു വരെ ആശങ്ക തുടരും.
പകർച്ചവ്യാധികൾ പതിവാകുന്നു : 1918 മുതൽ 1920 വരെ സ്‌പാനിഷ് ഫ്ലൂ പടർന്ന് പിടിച്ച് 100 വർഷത്തിന് ശേഷമാണ് കൊവിഡ് പോലൊരു മഹാമാരി ലോകം മുഴുവൻ മുൾമുനയിൽ നിർത്തിയത്. ഇതിനിടയിൽ എബോള പോലുള്ള മഹാമാരികൾ റിപ്പോർട്ട് ചെയ്‌തെങ്കിലും അതെല്ലാം ഒരു പ്രത്യേക രാജ്യങ്ങളിൽ ഒരുങ്ങി. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല.
ജനങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് വേഗത്തിൽ സഞ്ചരിക്കുകയാണ്. ലോകത്ത് എവിടെയും സഞ്ചാരവും സമ്പർക്കവും നടക്കുന്നു. അതുകൊണ്ട് തന്നെ ഒരു പകർച്ചവ്യാധി പടരുക വളരെ വേഗത്തിൽ നടക്കും. കൊവിഡ് പടരുന്നത് വരെ ഇത് മനസിലാക്കുക ബുദ്ധിമുട്ടായിരുന്നു.
Also Read : 'ഡിസീസ് എക്‌സ്': വരാനിരിക്കുന്നത് കൊവിഡിനെക്കാള്‍ മാരകമായ മറ്റൊരു മഹാമാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍
കൊവിഡിനെക്കാൾ മാരകമാകുമോ ? നിലവിൽ കൊവിഡ് ലോകത്തിന്‍റെ രോഗ പ്രതിരോധ ശേഷിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദഗ്‌ധർ മുന്നറിയിപ്പു നൽകുന്നതു പോലൊരു മഹാമാരിയുണ്ടായാൽ അതിന്‍റെ പ്രഹരശേഷി വലുതായിരിക്കും എന്നതുറപ്പാണ്. കൊവിഡിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുണ്ടാകാം എന്നാണ് പ്രാരംഭ പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ മരണ തോതും
വർധിക്കാം.
മരണം സംബന്ധിച്ച് അതിശയോക്തി കലർന്ന വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇത് ആധികാരികമല്ല. ഈ രോഗ ഭീഷണിയെ എങ്ങനെ നേരിടാം എന്ന പഠനമാണ് നടക്കുന്നത്. വാക്‌സിനേഷൻ തന്നെയാണ് പ്രതിരോധത്തിൽ പ്രധാനം. അതുകൊണ്ട് തന്നെയാണ് മാസ് വാക്‌സിനേഷൻ എന്ന ദൗത്യം മുൻനിർത്തിയുള്ള പഠനങ്ങൾക്ക് ലോകാരോഗ്യ സംഘടന മുൻഗണന നൽകുന്നത്.