തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന്(07.08.2022) എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന ന്യുനമർദപാതിയും മധ്യ കിഴക്കൻ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും. കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.
Also read: ഇടുക്കി ഡാം തുറന്നു: പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത നിര്‍ദേശം