തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് 8 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കും ജൂലായ് 5, 6, 7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴയ്ക്ക് കാരണം. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലായ് 6 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിര്‍ദേശം നല്‍കി.