തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, എന്നീ ജില്ലകളിൽ അടുത്ത രണ്ട് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കടല്‍ തീരങ്ങളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങുന്നതും പൂർണമായി ഒഴിവാക്കണം.
മഴയെ തുടര്‍ന്ന് കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം കനത്ത വേനൽ ചൂടിൽ കേരളം ഉരുകിയൊലിക്കുകയാണ്.
ഉയർന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ് (38.4 °C). പുനലൂർ - 37.5°C, വെള്ളാനിക്കര - 36.3°C എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്. സൂര്യാഘാതമേൽക്കാതിരിക്കാൻ ജനങ്ങൾ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തത്തിന് ശേഷം ആശ്വാസമായി കൊച്ചിയിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. എന്നാൽ മഴയെ തുടർന്ന് വെള്ളപ്പത രൂപപ്പെട്ടത് നേരിയ ആശങ്കയ്ക്ക് കാരണമായി.
കൊച്ചിയിൽ പെയ്‌തത് ആസിഡ് മഴയാണെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. മഴയിൽ അമ്ലത്തിന്‍റെ സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്ര വിദഗ്‌ധരുടെ പ്രതികരണം. ആസിഡ് മഴ പെയ്‌തുവെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മഴയിൽ അമ്ലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന അഭിപ്രായം ഉയർന്നതോടെ മലിനീകരണ നിയന്ത്രണ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മഴവെള്ളം വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ വിഷയത്തില്‍ സ്ഥിരീകരണം ഉണ്ടാകൂവെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ചൂട് കടുക്കുന്നത് കൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ശാരീരിക ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കടുത്ത ചൂടും അമിതമായുണ്ടാകുന്ന വിയർപ്പും ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകും. ഇത്തരം സാഹചര്യങ്ങളില്ലാതാക്കാന്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം. അന്തരീക്ഷത്തില്‍ താപനില വ്യതിയാനം ഉണ്ടാകുന്നതിന് അനുസരിച്ച് അതിനൊപ്പം പൊരുത്തപ്പെടാനാകാതെ ശരീരത്തില്‍ ഉഷ്‌ണാഘാതം ഉണ്ടാകാനും സാധ്യതയുണ്ട്. വെയിലുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
വേനല്‍ക്കാലത്തെ വസ്‌ത്ര ധാരണത്തിലും പ്രത്യേക ശ്രദ്ധചെലുത്തേണ്ടതുണ്ട്. കട്ടികുറഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങളാണ് ധരിക്കേണ്ടത്. കണ്ണുകളെ സംരക്ഷിക്കേണ്ടതും അത്യാവശ്യം തന്നെയാണ്. വെയിലത്ത് പുറത്തിറങ്ങുകയാണെങ്കില്‍ സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മദ്യപാനം, അമിതമായ കോഫി കുടിക്കല്‍ എന്നിവ ഒഴിവാക്കുക. ഇതിന്‍റെ അമിത ഉപയോഗം ശരീരത്തില്‍ വേഗത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും.
എന്താണ് നിര്‍ജലീകരണം: വേനല്‍ക്കാലത്ത് ചൂട് കടുക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്ന വിയര്‍പ്പിന്‍റെ അളവ് വര്‍ധിക്കും. അത്തരത്തില്‍ ഏറെ നേരം വെള്ളം കുടിക്കാതിരിക്കുകയോ കുടിയ്‌ക്കുന്ന വെള്ളത്തില്‍ കുറവ് വരികയോ ചെയ്‌താല്‍ ശാരീരിക പ്രക്രിയകള്‍ നടത്തുന്നതിന് ശരീരത്തിന് വെള്ളം ലഭിക്കാതെ വരികയും അത് ശരീരത്തില്‍ ഏറെ പ്രയാസം സൃഷ്‌ടിക്കുകയും ചെയ്യും. ശരീരത്തിലുണ്ടാകുന്ന അത്തരം അവസ്ഥയാണ് നിര്‍ജലീകരണം.