തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ ഇന്ന് (നവംബര്‍ 3) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് (Kerala Rain Updates).
കൂടാതെ മൂന്ന് ജില്ലകളില്‍ ഇന്നും (നവംബര്‍ 3) രണ്ട് ജില്ലകളില്‍ നാളെയും (നവംബര്‍ 4) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് (നവംബര്‍ 3) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നാളെ (നവംബര്‍ 4) ഓറഞ്ച് അലര്‍ട്ടുള്ളത്. ബംഗാള്‍ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യക്ക് മുകളിലേക്ക് വീശുന്ന വടക്ക് കിഴക്കന്‍ കാറ്റിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ പെയ്യുന്നത് (Rain Updates Today).
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. മത്സ്യ ബന്ധന യാനങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി കെട്ടിയിടണം (Rain News Updates).
സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയ്യാറാകണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം.
ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം : മഴയുള്ള സമയത്തോ മഴ വരാനുള്ള സാഹചര്യത്തിലോ ഇടിമിന്നല്‍ ലക്ഷണം ഉണ്ടെങ്കില്‍ ജാഗ്രത പാലിക്കണം. സുരക്ഷിതയിടങ്ങളില്‍ അല്ലാത്തവര്‍ ഉടനടി സുരക്ഷിതയിടങ്ങളിലേക്ക് മാറി നില്‍ക്കണം. വീടിന് മുറ്റത്തോ ടെറസിലോ നില്‍ക്കുന്നത് ഒഴിവാക്കണം.
also read: 'മഴ പ്രളയമാകുന്നു, കേരളത്തില്‍ വെള്ളം ഒഴുകിപ്പോകാനിടമില്ല': ഭൗമശാസ്‌ത്രജ്‌ഞൻ ഡോ. സജിൻ കുമാർ
വലിയ മരങ്ങള്‍ക്ക് ചുവട്ടില്‍ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛദിക്കുക. ഇടിമിന്നല്‍ സമയത്ത് അത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം.
സൈക്കിള്‍, ട്രാക്‌ടര്‍ പോലുള്ള തുറന്ന വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക. ഇടിമിന്നല്‍ സമയത്ത് കുട്ടികളെ പുറത്തേക്ക് കളിക്കാന്‍ വിടാതിരിക്കുക.