തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യതയാണുള്ളത്. ഇടുക്കി, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ രീതിയിലും ശക്തമായും മഴയ്ക്കും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ 46 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണം എന്നും നിർദേശം നൽകിയിട്ടുണ്ട്. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു : ശക്തമായ മഴ തുടരുന്നതിനാൽ എറണാകുളം, കാസർകോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയാണ് അവധി. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി, യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിലെ കോളജുകൾക്ക് അവധിയില്ല.
ഉയർന്ന തിരമാല, ജാഗ്രത നിർദേശം : കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ജൂൺ 05ന് രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. സെക്കൻഡിൽ 50 cm നും 65 cm നും ഇടയിലായിരിക്കും ഇതിന്‍റെ വേഗത.
ഇതിനെ തുടർന്ന് മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ജാഗ്രത നിർദേശം : ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ അപകട മേഖലകളിൽ നിന്നും മാറി താമസിക്കണം എന്നും മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

മലയോര മേഖലയിലുള്ളവർ രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റാവശ്യങ്ങൾക്ക് നദികളിൽ ഇറങ്ങാൻ പാടില്ല എന്നും മുഖ്യമന്ത്രിയുടെ നിർദേശത്തിൽ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.